ലിവർപൂളിന് തുടർച്ചയായ നാലാം തോൽവി
Tuesday, October 21, 2025 1:36 AM IST
ലണ്ടൻ: പതിനൊന്ന് വർഷത്തെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ നാലാം തോൽവി വഴങ്ങി ലിവർപൂൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ 2-1ന് തോൽവി ഏറ്റുവാങ്ങിയതോടെയാണ് ലീവർപൂളിനെ നാണക്കേടിന്റെ ചരിത്രം തേടിയെത്തിയത്.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ യുണൈറ്റഡ് നയം വ്യക്തമാക്കി. തുടക്കത്തിൽതന്നെ ആക്രമിച്ചു കളിച്ച യുണൈറ്റഡിന് രണ്ടാം മിനിറ്റിൽ ബ്രയാൻ ബ്യൂമോ ലീഡ് നേടിക്കൊടുത്തു. ലിവർപൂളിന് സമനിലപിടിക്കാൻ 78-ാം മിനിറ്റുവരെ വിയർപ്പൊഴുക്കേണ്ടി വന്നു. കോഡി ഗാക്പോ ആണ് ലിവർപൂളിന് സമനില ഗോൾ നേടിയത്.
80 മിനിറ്റും കഴിഞ്ഞ് മത്സരം സമനിലയിലേക്കെന്ന് ആശ്വസിച്ച ലിവർപൂളിന്റെ തലവര മാറ്റി 84-ാം മിനിറ്റിൽ ഹാരി മഗ്വെയർ ഹെഡറിലൂടെ യുണൈറ്റഡിനായി വിജയ ഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസ് നൽകിയ ഏരിയൽ പാസ് മഗ്വെയർ ഹെഡറിലൂടെ വലയിലെത്തിച്ചു. പ്രീമിയർ ലീഗിലെ യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.