സ്കൂള്‍ കായികമേളയ്ക്ക് പ്രൗഢോജ്വല തുടക്കം
Wednesday, October 22, 2025 2:14 AM IST
തിരുവനന്തപുരം: തീപാറും പോരാട്ടങ്ങള്‍ക്ക് സാക്ഷ്യമാകാന്‍ അനന്തപുരി തയാറെടുത്തു. ആയിരങ്ങളെ സാക്ഷി നിര്‍ത്തി സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരി തെളിഞ്ഞു.
ഇനിയുള്ള ഒരാഴ്ച മെഡല്കൊയ്ത്തിനായുള്ള പോരാട്ടത്തിന് 14 ജില്ലകളില്‍നിന്നുള്ള കായികതാരങ്ങള്‍ തലസ്ഥാനത്തെ 12 കളിക്കളങ്ങളില്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ആവേശം അലതല്ലും. തുലാമഴ മാറിനിന്ന വേളയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ 67-ാമത് സംസ്ഥാന സ്കൂള്‍ കായികമേള ഉദ്ഘാടനം ചെയ്തു.
14 ജില്ലകളില്‍നിന്നുള്ള കായികതാരങ്ങളും സവിശേഷ പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളും ഗള്‍ഫില്‍ നിന്നുമുള്ള കായികതാരങ്ങളും അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ് മേളയുടെ ഔപചാരികമായ തുടക്കമായത്. ഇവരോടൊപ്പം ജില്ലയിലെ വിവിധ സ്കൂളുകളിലെ എസ്പിസി, എന്‍സിസി കേഡറ്റുകള്‍, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവരും ഒത്തുചേര്‍ന്നു.
കായികമേളയുടെ ദീപശിഖ ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയനും ഏഷ്യന്‍ ഗെയിംസ് വെങ്കലമെഡല്‍ ജേതാവ് എച്ച്.എം. കരുണപ്രിയയും സംയുക്തമായി തെളിച്ചു. ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ജൂണിയര്‍ ടീം അംഗം അഥീന മറിയം സ്കൂള്‍ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലി.ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്, സിനിമാതാരം കീര്‍ത്തി സുരേഷ് എന്നിവരുടെ സന്ദേശവും ചടങ്ങില്‍ വായിച്ചു.
മേള കേവലം മത്സരമല്ല മറിച്ച് കായിക കേരളത്തിന്റെ മഹത്തായ സാംസ്കാരിക സംഗമമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. മന്ത്രി ജി.ആര്. അനില്‍ ആശംസ അറിയിച്ചു. ഇന്നു സവിശേഷ പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍ക്ലൂസീവ് കായികമത്സരങ്ങളും ഗെയിംസ് മത്സരങ്ങളും നടക്കും.