കരയിലും വെള്ളത്തിലും ‘ഗുസ്തി പിടിത്തം’ ഇന്നുമുതൽ, അത്ലറ്റിക്സ് പോരാട്ടങ്ങൾ നാളെ മുതല്‍
Wednesday, October 22, 2025 2:14 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: ഇനിയുള്ള നാളുകള്‍ പോരാട്ടത്തിന്റെ പെരുമ്പറ മുഴക്കവുമായി അനന്തപുരിയിലെ കളിക്കളങ്ങള്‍. ബോക്സിംഗും റസ്ലിംഗും കളരിപ്പയറ്റുമൊക്കെ ഉള്‍പ്പെടുന്ന സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഗെയിംസ് മത്സരങ്ങള്‍ക്കും നീന്തല്‍ക്കുളത്തിലെ ഓളപ്പരപ്പുകളെ കീറിമുറിച്ച് വെന്നിക്കൊടി പാറിക്കാനായുള്ള അക്വാട്ടിക് മത്സരങ്ങള്‍ക്കും ഇന്നു തുടക്കമാകും.
മീറ്റിന്റെ ആവേശമായ അത്ലറ്റിക് മത്സരങ്ങള്‍ക്കു നാളെയാണ് സ്റ്റാര്‍ട്ട് വിസില്‍ മുഴങ്ങുന്നത്. 28 വരെ നടക്കുന്ന സ്കൂള്‍ കായികമേളില്‍ അത്ലറ്റിക്സ്, അക്വാട്ടിക്സ്, ഗെയിംസ് മത്സര ഇനങ്ങളിലായി ഒരാഴ്ചക്കാലം 20,000ത്തോളം കായികതാരങ്ങളാണ് അനന്തപുരിയിലെ വിവിധ കളിക്കളങ്ങളില്‍ അങ്കംകുറിക്കാനെത്തുന്നത്.
ജര്‍മന്‍ സാങ്കേതികവിദ്യയില്‍ പണികഴിപ്പിക്കപ്പെട്ട സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലാണ് ഗെയിംസില്‍ ഏറിയ പങ്കും അരങ്ങേറുന്നത്. ഇവിടെ താൽകാലിക ഇന്‍ഡോര്‍ സ്റ്റേഡിയമാണ് മത്സരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
12 ഗെയിംസ് ഇനങ്ങള്‍ നടത്താനുള്ള ക്രമീകരണം സെന്‍ട്രല്‍ സ്റ്റേഡിയത്തിലുണ്ട്. ഇതില്‍ 10 മത്സര വേദികളും താത്കാലികമായി നിര്‍മിച്ചിട്ടുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുക. താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരേ സമയം അഞ്ചു മത്സരങ്ങള്‍ നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ വടംവലിക്കും ബാസ്കറ്റ്ബോളിനും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം വേദിയുണ്ട്.
ഗെയിംസ് ഇന്നു മുതൽ
മത്സരത്തിന്റെ ആദ്യദിനമായ ഇന്ന് 6,000ത്തോളം താരങ്ങളാണ് വിവിധ കളിക്കളങ്ങളിലായി പോരാട്ടത്തിന് അണിനിരക്കുന്നത്. ജൂണിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും തായ്ക്വാന്ണ്ടോ, സബ് ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളിലെ കബഡി, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ ഖോ-ഖോ, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ ജൂഡോ മത്സരങ്ങള്‍ ഇന്നു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹോക്കിക്കു വേദിയാകുന്നത് മൈലം ജിവി രാജ സ്കൂളാണ്. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വോളിബോള്‍, ജൂണിയര്‍ ആണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരങ്ങള്‍ക്കും മൈലം സ്റ്റേഡിയത്തില്‍ ഇന്ന് അരങ്ങുണരും.
ജൂണിയര്‍ പെണ്‍കുട്ടികളുടെ വോളിബോള്‍ കാലടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും സീനിയര്‍ ആണ്‍കുട്ടികളുടെ ഹാന്‍ഡ്ബോള്‍ തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലും നടക്കും. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഷൂട്ടിംഗ് മത്സരങ്ങള്‍ വട്ടിയൂര്‍കാവ് ഷൂട്ടിംഗ് റേഞ്ചിലാണ്.
ഓളപ്പരപ്പിലേക്ക്
പിരപ്പന്‍കോട് നീന്തല്‍ക്കുളത്തില്‍ ഇന്ന് അക്വാട്ടിക് മത്സരങ്ങള്‍ക്കു തുടക്കമാകും. രാവിലെ 6.30 മുതല്‍ 7.30 വരെയാണ് രജിസ്ട്രേഷന് നടപടികള്‍. തുടര്‍ന്ന് മത്സരങ്ങള്‍ക്ക് തുടക്കമാകും. ഈ മാസം 26 വരെയാണ് അക്വാട്ടിക്സ് മത്സരങ്ങള്‍. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ പിരപ്പന്‍കോട് നീന്തല്‍ക്കുളത്തിലെ ഓളപ്പരപ്പ് താളംതുള്ളും.
ട്രാക്ക് ഇനങ്ങള്‍ നാളെ
മീറ്റിന്റെ ഗ്ലാമര്‍ ഇനങ്ങളായ അത്ലറ്റിക്സ് മത്സരങ്ങള്‍ക്കു നാളെ തുടക്കമാകും. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായാണ് അത്ലറ്റിക്സ് മത്സരങ്ങള്‍ നടക്കുക. ട്രാക്ക് ഇനങ്ങള്‍ക്ക് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം വേദിയാകുമ്പോള്‍ ത്രോ ഇനങ്ങള്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
മഴഭീതിയില്‍ മേള
കായികമേള മഴഭീതിയിലാണെന്നതും വാസ്തവം. കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പു പ്രകാരം ഇന്നു തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ പെയ്യും. യെല്ലോ അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. വൈകുന്നേരങ്ങളില്‍ പെയ്യുന്ന തുലാമഴ മത്സരങ്ങളെ ഏതു വിധത്തില്‍ ബാധിക്കുമെന്ന ആശങ്കയും സംഘാടകര്‍ക്കുണ്ട്.
ഫ്രം ഗൾഫ്...

തിരുവനന്തപുരം: മണലാരണ്യ നാടെന്നു വിളിപ്പേരുള്ള ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി; സംസ്ഥാന സ്കൂൾ മീറ്റിൽ മെഡൽ സ്വന്തമാക്കാൻ.
കഴിഞ്ഞ വർഷമാണ് ആദ്യമായി ഗൾഫിലെ കേരളാ സിലബസ് സ്കൂളുകളിൽ നിന്നുള്ള താരങ്ങൾ സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ എത്തിയത്. കഴിഞ്ഞ തവണ ആണ്‍കുട്ടികൾ മാത്രമായിരുന്നു എത്തിയതെങ്കിൽ ഇത്തവണ പെണ്‍കുട്ടികളും മത്സരത്തിന് എത്തിയിട്ടുണ്ട്.
അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിമ എന്നിവരാണ് സംഘത്തിലുള്ള പെണ്‍കുട്ടികൾ. 39 അംഗങ്ങളും ഇവരുടെ അധ്യാപകരും മേളയിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി.
ഗൾഫ് മോഡൽ സ്കൂൾ ദുബായ്, അബുദാബി മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ, നിംസ്ദുബായ്, ദി ഇംഗ്ലീഷ് സ്കൂൾ ഉമുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങൾക്കായി എത്തിയിട്ടുള്ളത്. എട്ട് അധ്യാപകരും ഇവർക്കൊപ്പമുണ്ട്.