ഏഴ് ബിഎംഡബ്ല്യു കാറുകൾ വാങ്ങാൻ ലോക്പാൽ
Wednesday, October 22, 2025 1:39 AM IST
ന്യൂഡൽഹി: അഴിമതി ആരോപണങ്ങൾക്കെതിരേ അന്വേഷണം നടത്തുന്ന ലോകായുക്ത ആഡംബര വാഹനങ്ങൾ വാങ്ങാൻ പദ്ധതിയിട്ടതു വിവാദത്തിൽ.
അഞ്ചു കോടിയോളം ചെലവിൽ ബിഎംഡബ്ല്യു 3 സീരീസ് 330ൽപ്പെട്ട ഏഴു കാറുകൾ വാങ്ങാനായി ലോക്പാൽ ഔദ്യോഗിക ടെൻഡർ ക്ഷണിച്ചതാണ് സമൂഹമാധ്യമങ്ങളിലടക്കം വൻ വിമർശനത്തിനു വഴിവച്ചത്.
അധ്യക്ഷനടക്കം നിലവിൽ ഏഴ് അംഗങ്ങളുള്ള അഴിമതിവിരുദ്ധ അഥോറിറ്റിയായ ലോക്പാൽ 70 ലക്ഷം വീതമുള്ള ഏഴു കാറുകൾ വാങ്ങുന്നതിനെതിരേ കോണ്ഗ്രസ് നേതാക്കളും രംഗത്തെത്തി.
കാറുകൾ വാങ്ങാനുള്ള ടെൻഡറുകൾ വാങ്ങിയത് സുതാര്യമായാണെന്നും മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ലോക്പാൽ വ്യക്തമാക്കുന്നുണ്ടെങ്കിലും അഴിമതി തടയുന്നതിനായി നിലവിൽ വന്ന ഒരു സ്ഥാപനം ഒരുകൂട്ടം ആഡംബര കാറുകൾ സ്വന്തമാക്കുന്നതിലെ വിരോധാഭാസമാണ് വിമർശനങ്ങൾക്കു വഴിവച്ചിരിക്കുന്നത്.
മോദിസർക്കാർ ലോക്പാൽ എന്ന സ്ഥാപനത്തെ നാമാവശേഷമാക്കിയെന്നായിരുന്നു അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ് വിഷയത്തിൽ പ്രതികരിച്ചത്.