""വൈകാതെ ലോകത്തിലെ മൂന്നാമത്തെ വലിയ സന്പദ്വ്യവസ്ഥയാകും '': രാജ്യത്തിന് കത്തെഴുതി മോദി
Wednesday, October 22, 2025 1:39 AM IST
ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാർക്കു കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയവും ജിഎസ്ടി നികുതി ഇളവുകളും രാജ്യത്തിന്റെ സാന്പത്തികസ്ഥിരതയും നക്സലിസത്തിനെതിരേയുള്ള പോരാട്ടവും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ കത്ത്.
നാവികസേനാംഗങ്ങളോടൊപ്പം തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ചതിനു പിറ്റേന്നാണ് രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്ത്.
ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു ലോകത്ത് സംവേദനക്ഷമതയുടെയും സ്ഥിരതയുടെയും പ്രതീകമായി ഭാരതം ഉയർന്നുവന്നിട്ടുണ്ടെന്നും സമീപഭാവിയിൽത്തന്നെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സന്പദ്വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്നും മോദി ജനങ്ങളോട് പറയുന്നു. ജനങ്ങൾ സ്വദേശി ഉത്പന്നങ്ങൾ സ്വീകരിക്കണമെന്നും എണ്ണയുടെ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും യോഗ അഭ്യസിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം കത്തിൽ പരാമർശിച്ച മോദി നീതി ഉയർത്തിപ്പിടിക്കാനും അനീതിക്കെതിരേ പോരാടാനും ശ്രീരാമൻ പഠിപ്പിച്ചതിന്റെ ഉദാഹരണമായാണ് ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിച്ചത്.
ഓപ്പറേഷൻ സിന്ദൂറിൽ ഭാരതം നീതി ഉയർത്തിപ്പിടിക്കുക മാത്രമല്ല അനീതിക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്തെന്ന് മോദി കൂട്ടിച്ചേർത്തു.
ജിഎസ്ടി ഇളവുകൾ മൂലം പൗരന്മാർ ആയിരക്കണക്കിനു കോടി രൂപ ലാഭിക്കുകയാണെന്നും രാജ്യത്തെ നിരവധി ജില്ലകളിൽനിന്നു നക്സലിസവും മാവോവാദവും തുടച്ചുനീക്കപ്പെട്ടുവെന്നും ഇതു രാജ്യത്തിന് മികച്ചൊരു നേട്ടമാണെന്നും പ്രധാനമന്ത്രി കത്തിൽ പറയുന്നു.