തീർപ്പാക്കാതെ എട്ടു ലക്ഷത്തിൽപ്പരം ഹർജികൾ
സ്വന്തം ലേഖകൻ
Monday, October 20, 2025 2:20 AM IST
ന്യൂഡൽഹി: ഹർജികൾ തീർപ്പാക്കാതെ വൻതോതിൽ കെട്ടിക്കിടക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. രാജ്യത്താകെ ജില്ലാ കോടതികളിൽ 8,82,578 സിവിൽ കേസുകളിലെ ഹർജികളാണു തീർപ്പാകാതെ കിടക്കുന്നത്. ഇത്തരം ഹർജികൾ ആറു മാസത്തിനകം തീർപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതികൾക്ക് സുപ്രീംകോടതിയുടെ നിർദേശമുണ്ട് എന്നിരിക്കെയാണ് കേസുകൾ തീർപ്പാക്കാൻ വൈകുന്നത്.
ഇതുസംബന്ധിച്ച് ഹൈക്കോടതികളിൽനിന്ന് ലഭിക്കുന്ന കണക്കുകൾ നിരാശപ്പെടുത്തിയെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാലയും ജസ്റ്റിസ് പങ്കജ് മിത്തലും അടങ്ങിയ ബെഞ്ച് കഴിഞ്ഞദിവസത്തെ ഉത്തരവിൽ നിരീക്ഷിച്ചു.
നേരത്തേ ഒരു കേസിൽ 2025 മാർച്ച് ആറിന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയോ എന്ന കാര്യം പരിശോധിക്കവേയാണു കോടതി കേസ് തീർപ്പാക്കാൻ സാധിക്കാത്തതിൽ ആശങ്ക അറിയിച്ചത്.ഏറ്റവും കൂടുതൽ ഹർജികൾ തീർപ്പാകാതെ കിടക്കുന്നത് ബോംബെ ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്- 3.41 ലക്ഷം ഹർജികൾ.
മദ്രാസ് ഹൈക്കോടതിക്കു കീഴിൽ 86,148 ഹർജികളും കേരളത്തിൽ 82,997 ഹർജികളുമാണ് തീർപ്പുകൽപ്പിക്കാൻ കാത്തുകിടക്കുന്നത്. കഴിഞ്ഞ ആറു മാസത്തിൽ 3,38, 685 ഹർജികൾ തീർപ്പാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും തീർപ്പാകാതെ കിടക്കുന്ന ഹർജികളുടെ എണ്ണം അതിന്റെ ഇരട്ടിയിലധികമാണെന്ന കാര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കർണാടക ഹൈക്കോടതി ഈ കണക്ക് ഇതുവരെ സമർപ്പിക്കാത്തതിൽ സുപ്രീംകോടതി അസംതൃപ്തി പ്രകടിപ്പിച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്