പഞ്ചാബിലെ പോലീസ് തിരുടൻ
Saturday, October 18, 2025 2:47 AM IST
ന്യൂഡൽഹി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ പഞ്ചാബ് ഡിഐജി ഹർചരണ്‍ സിംഗ് ഭുള്ളറെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബിസിനസുകാരന്റെ പരാതിയിൽ സിബിഐ അറസ്റ്റ് ചെയ്ത ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെ കോടതി 14 ദിവസത്തേക്കാണ് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്.
പഞ്ചാബ് മുൻ ഡിജിപി മെഹൽ സിംഗ് ഭുള്ളറുടെ മകനായ ഡിജിപിയുടെ വസതിയിൽ സിബിഐ നടത്തിയ റെയ്ഡിൽ അഞ്ചു കോടി രൂപയുടെ കറൻസി, ഒന്നര കിലോഗ്രാം സ്വർണാഭരണങ്ങൾ, 22 ആഡംബര വാച്ചുകൾ, മെഴ്സിഡസ് ബെൻസ്, ഔഡി കാറുകൾ, 40 ലിറ്റർ വിദേശമദ്യം, പിസ്റ്റൾ, റിവോൾവർ, ഇരട്ടക്കുഴൽ തോക്ക്, വെടിയുണ്ടകളുള്ള എയർഗണ്‍, ഭൂമിയുടെ ആധാരം അടക്കമുള്ളവ സൂക്ഷിച്ച സ്വകാര്യ ലോക്കറുകൾ തുടങ്ങിയവ കണ്ടെടുത്തു. ബാഗുകളിലും മറ്റും സൂക്ഷിച്ചിരുന്ന നിലയിലാണ് അഞ്ചു കോടിയുടെ 500 രൂപ നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
കേസ് ഒതുക്കുന്നതിനായി ഇടനിലക്കാരൻ വഴി ഡിഐജി ഭുള്ളർ ഒറ്റത്തവണ കൈക്കൂലിയും പ്രതിമാസ കൈക്കൂലിയും (സേവാ പാനി) ആവശ്യപ്പെട്ടെന്നു വൻകിട ഇരുന്പ്, സ്റ്റീൽ, ആക്രി (സ്ക്രാപ്) കച്ചവടക്കാരനായ ആകാശ് ബട്ട നൽകിയ പരാതിയിലാണു സിബിഐയുടെ നടപടി.
പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിലെ മാണ്ഡി ഗോബിന്ദ്ഗഡ് സ്വദേശിയായ ബട്ടയ്ക്കെതിരേയുള്ള 2023ലെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസ് തീർപ്പാക്കാനും ഭാവിയിൽ പോലീസ് നടപടികൾ ഉണ്ടാകാതിരിക്കാനുമാണ് പോലീസിലെ ഉന്നതൻ കൈക്കൂലി ചോദിച്ചത്. ഡിഐജിയുടെ ഇടനിലക്കാരാനായി നിന്നു കൈക്കൂലി ചോദിച്ച കിർഷനു എന്നയാളെയും സിബിഐ അറസ്റ്റ് ചെയ്തു.
പണം നൽകിയില്ലെങ്കിൽ വ്യാജ ക്രിമിനൽ കേസുകളിൽ കുടുക്കുമെന്ന് ഡിഐജി ഭീഷണിപ്പെടുത്തിയതായും ബട്ടയുടെ പരാതിയിലുണ്ട്. രേഖാമൂലമുള്ള പരാതിയെത്തുടർന്ന് ഭുള്ളറിനെ സിബിഐ തുടർച്ചയായി നിരീക്ഷിച്ചു.
കൈക്കൂലി ആവശ്യം സ്ഥിരീകരിച്ച റിക്കാർഡ് ചെയ്ത വാട്സാപ് കോൾ സിബിഐ പിടികൂടിയതോടെയാണ് വഴിത്തിരിവുണ്ടായത്. ഡിഐജി ഭുള്ളറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിൽനിന്നാണു കൈക്കൂലി കോൾ എത്തിയതെന്നു കണ്ടെത്തി.
പിന്നീട് സിബിഐ ഒരുക്കിയ കെണിയിലാണ് എട്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഡിഐജി പിടിയിലായത്. സിബിഐ നിരീക്ഷണത്തിൽ നടത്തിയ ഫോണ്‍കോളിൽ പണം സ്വീകരിക്കുന്നത് ഭുള്ളർ സ്ഥിരീകരിച്ചു.
പരാതിക്കാരനോടും ഇടനിലക്കാരനോടും തന്റെ ഓഫീസിലേക്കു വരാൻ ഡിഐജി നിർദേശിക്കുകയും ചെയ്തു.2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹർചരണ്‍ സിംഗ് ഭുള്ളർ 2024 നവംബർ മുതൽ റോപ്പർ റേഞ്ച് ഡിഐജിയായി പ്രവർത്തിക്കുകയായിരുന്നു.
നേരത്തെ പട്യാല റേഞ്ച് ഡിഐജിയായും വിജിലൻസ് ബ്യൂറോയിൽ ജോയിന്റ് ഡയറക്ടറായും സീനിയർ പോലീസ് സൂപ്രണ്ടായും പ്രവർത്തിച്ചിരുന്നു. മയക്കുമരുന്നു കള്ളക്കടത്ത് കേസിൽ അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയയെ ചോദ്യം ചെയ്ത പ്രത്യേക അന്വേഷണസംഘത്തിന്റെയും തലവനായിരുന്നു ഭുള്ളർ.