പിന്നാക്ക ജാതിയില്‍പ്പെട്ടവരല്ല; ജാതി സർവേയിൽ പങ്കെടുക്കാതെ സുധ-നാരായണ മൂർത്തി ദന്പതികൾ
Friday, October 17, 2025 1:06 AM IST
ബംഗളൂരു: കര്‍ണാടകയില്‍ നടക്കുന്ന ജാതിസര്‍വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധാ മൂര്‍ത്തിയും. തങ്ങള്‍ പിന്നാക്ക ജാതിയില്‍പ്പെട്ടവരല്ലെന്ന് വ്യക്തമാക്കിയാണ് ഇരുവരും സര്‍വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതെന്ന് ബംഗളൂരു കോർപറേഷൻ അധികൃതര്‍ പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സര്‍വേയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സര്‍വേയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു സുധാ മൂര്‍ത്തിയും നാരായണ മൂര്‍ത്തിയും വ്യക്തമാക്കുകയായിരുന്നു. വിവരങ്ങള്‍ നല്കാന് വിസമ്മതിച്ചുകൊണ്ടുള്ള സാക്ഷ്യപത്രത്തില്‍ സുധാ മൂര്‍ത്തി ഒപ്പുവച്ചതായി അധികൃതര്‍ അറിയിച്ചു.
വ്യക്തിപരമായ ചില കാരണങ്ങളാല്‍ കര്‍ണാടക സംസ്ഥാന പിന്നാക്ക വിഭാഗകമ്മീഷന് നടത്തുന്ന സാമൂഹിക, വിദ്യാഭ്യാസ സര്‍വേയില്‍ വിവരങ്ങള്‍ നല്കാന് വിസമ്മതിക്കുന്നു എന്നാണ് സാക്ഷ്യപത്രത്തില്‍ സുധാ മൂര്‍ത്തി രേഖപ്പെടുത്തിയിരിക്കുന്നത്.
“ഞങ്ങള്‍ ഒരു പിന്നാക്ക സമുദായത്തിലും പെട്ടവരല്ല. അതിനാല്‍, അത്തരം വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന സര്‍വേയില്‍ ഞങ്ങള്‍ പങ്കെടുക്കില്ല” എന്ന് സുധാ മൂര്‍ത്തി എഴുതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിഷയത്തില്‍ നാരായണ മൂര്‍ത്തിയോ സുധാ മൂര്‍ത്തിയോ ഇന്‍ഫോസിസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.