ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; മുംബൈയിൽ വ്യാപാരിക്ക് 58 കോടി നഷ്ടമായി
Friday, October 17, 2025 2:27 AM IST
ന്യൂഡൽഹി: ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിലും രാജ്യത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഏറ്റവുമൊടുവിൽ മുംബൈയിലെ 72കാരനായ വ്യാപാരിയുടെ 58 കോടി രൂപയാണു ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടിയെടുത്തത്. രാജ്യത്തു റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിലൊന്നാണിതെന്ന് പോലീസ് പറഞ്ഞു.
കേസിൽ അന്വേഷണം നടത്തുന്ന മഹാരാഷ്ട്ര സൈബർ ഡിപ്പാർട്ട്മെന്റ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൾ ഖുള്ളി, അർജുൻ കട്വാസര, ഇയാളുടെ സഹോദരൻ ജെതാറാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലുൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സ്റ്റോക്ക് വ്യാപാരിയായ വയോധികനെയും ഭാര്യയെയും തട്ടിപ്പുകാർ ഓഗസ്റ്റ് 19നും ഈമാസം എട്ടിനുമിടയിലാണു ബന്ധപ്പെട്ടത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു കേസിൽ വയോധികന്റെ പേര് ഉയർന്നുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണു തട്ടിപ്പുകാർ ഇവരെ ബന്ധപ്പെട്ടത്. തുടർന്ന് വീഡിയോ കോളിലൂടെ വയോധികനെയും ഭാര്യയെയും ഡിജിറ്റൽ അറസ്റ്റിനു വിധേയമാക്കുകയായിരുന്നു.
പിന്നീട് ഇയാൾ തട്ടിപ്പുകാർ നിർദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ടുമാസ കാലയളവിനിടയിൽ 58 കോടി രൂപ കൈമാറി. തട്ടിപ്പിനിരയായെന്നു മനസിലായതിനുശേഷമാണ് ഇയാൾ സൈബർ പോലീസിൽ പരാതി നൽകിയത്.
അന്വേഷണത്തിനിടെ 58 കോടി ചെന്നെത്തിയ പാത പിന്തുടർന്ന പോലീസ് വിവിധ സംസ്ഥാനങ്ങളിലുള്ള 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ ഉടൻതന്നെ പോലീസ് ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് പണമിടപാട് മരവിപ്പിക്കുകയും ചെയ്തു.