പ്രിയങ്ക് ഖാർഗെയ്ക്ക് ഭീഷണി; മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
Friday, October 17, 2025 2:27 AM IST
ബംഗളൂരു: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയ മഹാരാഷ്ട്ര സ്വദേശിയെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയുടെ അതിർത്തി ജില്ലയായ സോളാപുരിൽനിന്നുള്ള ധനേഷ് നരോണയാണ് അറസ്റ്റിലായത്.
സോളാപുരിൽനിന്നും ലാത്തൂരിലേക്കു മുങ്ങിയ പ്രതിയെ ബംഗളൂരു സെൻട്രൽ ഡിവിഷനും കൽബുർഗി പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ബിസ്കറ്റ്, മിഠായി നിർമാണ കമ്പനികളുടെ മാർക്കറ്റിംഗ് ഏജന്റാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ഗൂഗിളിൽനിന്നാണ് പ്രിയങ്ക് ഖാർഗെയുടെ ഫോൺ നമ്പർ ഇയാൾക്ക് ലഭിച്ചത്. സർക്കാർ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് പ്രിയങ്ക് കഴിഞ്ഞദിവസം ആവശ്യമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കു കത്തു നൽകുകയും ചെയ്തിരുന്നു.