ഡബ്ലുഎച്ച്ഒ അംഗീകരിച്ച ഉത്പന്നങ്ങൾക്കു മാത്രം ഒആർഎസ് ലേബൽ
Friday, October 17, 2025 2:27 AM IST
ന്യൂഡൽഹി: ലോകാരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ) അംഗീകരിച്ച ഫോർമുലയുള്ള ഉത്പന്നങ്ങൾക്കു മാത്രമേ ഒആർഎസ് (ഓറൽ ഡീഹൈഡ്രേഷൻ സാൾട്സ്) ലേബൽ നൽകാൻ കഴിയൂവെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പുറപ്പെടുവിച്ചു.
ലോകാരോഗ്യ സംഘടന അംഗീകരിച്ച ഫോർമുലയുള്ള, നിർജലീകരണത്തെ തടയുന്നതിനുള്ള ലായനിയാണ് ഒആർഎസ്. ഉപ്പും പഞ്ചസാരയും ചേർന്ന് ശുദ്ധജലത്തിൽ ലയിപ്പിച്ച മിശ്രിതമാണിത്. വയറിളക്കം, ഉഷ്ണാഘാതം, ശരീരത്തിൽനിന്ന് ദ്രാവകം നഷ്ടപ്പെടുന്നതിലേക്കു നയിക്കുന്ന മറ്റു രോഗങ്ങൾ എന്നിവയ്ക്കെല്ലാം വിപണിയിൽ സുലഭമായി കിട്ടുന്ന കുറഞ്ഞ വിലയുള്ള ഒആർഎസ് ഡ്രിങ്കുകൾ കൊണ്ട് ചികിത്സ നൽകാൻ കഴിയും.
എന്നാൽ, ഇന്ത്യയിലെ പല ബ്രാൻഡുകളും ഒആർഎസ് ലേബൽ നൽകുന്നത് ഡബ്ലുഎച്ച്ഒയുടെ മാനദണ്ഡപ്രകാരമല്ലെന്നു കണ്ടാണ് കേന്ദ്രത്തിന്റെ നടപടി.
ഫോർമുലയിൽ മാറ്റം വരുത്തിയാൽ ലായനിയുടെ ഗുണമേന്മനഷ്ടപ്പെടുമെന്നിരിക്കെ ഡബ്ലുഎച്ച്ഒ അംഗീകാരമുള്ള ഒആർഎസ് ലേബൽ നൽകി പല കന്പനികളും തങ്ങളുടെ എനർജി ഡ്രിങ്കുകളും ഫ്രൂട്ട് ഡ്രിങ്കുകളടക്കമുള്ള ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടായിരുന്നു. ഇതിനാണു കേന്ദ്രം തടയിട്ടിരിക്കുന്നത്.