സംഭാല്‍ ആക്രമണം: മുഖ്യപ്രതി വിദേശത്ത് പിടിയില്‍
Friday, October 17, 2025 1:06 AM IST
സംഭാല്‍ (യുപി): സംഭാല്‍ ആക്രമണക്കേസിലെ മുഖ്യപ്രതി ഷാരിഖ് സത വിദേശത്ത് പിടിയിലായി. രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഇന്റര്‍പോളിന്റെയും സഹായത്തോടെ ഇയാളെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
സംഭാല്‍ ഷാഹി ജമാ മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സര്‍വേ നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെയാണു കഴിഞ്ഞവര്‍ഷം നവംബറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ഷാഹി ജുമാ മസ്ജിദ് ഒരു ക്ഷേത്രത്തിനു മുകളിലാണ് നിര്‍മിച്ചതെന്ന ഹര്‍ജിയെത്തുടര്‍ന്നായിരുന്നു കോടതി നിര്‍ദേശം. സംഘർഷത്തിൽ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഷാരിഖിന്റെ സഹായിയും നിലവില്‍ മൊറാദാബാദ് ജയിലില്‍ കഴിയുന്നതുമായ മറ്റൊരു പ്രതി മുല്ല അഫ്രോസിനെതിരേ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.