നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം
Friday, October 17, 2025 2:27 AM IST
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനു കേന്ദ്രസർക്കാർ പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു.
നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ചർച്ചകൾ പുതിയ മധ്യസ്ഥൻ നടത്തുന്നതായും പ്രതികൂലമായി ഒന്നും സംഭവിക്കില്ലെന്നു പ്രതീക്ഷിക്കാമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ കേന്ദ്രസർക്കാർ അറിയിച്ചു.
പുതിയ മധ്യസ്ഥൻ ആരാണെന്നു വെളിപ്പെടുത്താൻ കേന്ദ്രം തയാറായില്ല. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്ത വ്യക്തിയല്ല മധ്യസ്ഥനെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ.എ.പോൾ സുപ്രീംകോടതിയിൽ നേരത്തേ ഹർജി ഫയൽ ചെയ്തിരുന്നു. കേന്ദ്രത്തിന്റെ മറുപടിയോടെ കെ.എ.പോൾ അല്ല കേന്ദ്രസർക്കാർ നിയോഗിച്ച മധ്യസ്ഥനെന്ന കാര്യം വ്യക്തമായി.
"നിമിഷപ്രിയ ആക്ഷൻ കൗണ്‍സിൽ' ഫയൽ ചെയ്ത ഹർജി പരിഗണിക്കവേയാണ് അറ്റോർണി ജനറൽ കോടതിയെ ഇക്കാര്യങ്ങൾ അറിയിച്ചത്. കേസിൽ അടുത്തവർഷം ജനുവരിയിൽ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.