മലയാളി ഹൈക്കോടതി ജഡ്ജിയുടെ നിയമനം; കേന്ദ്രസർക്കാരിനു വഴങ്ങി സുപ്രീംകോടതി കൊളീജിയം
Friday, October 17, 2025 2:27 AM IST
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ വിജയ് ഷായ്ക്കെതിരേ കേസെടുക്കാൻ നിർദേശിച്ച മലയാളിയായ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി അതുൽ ശ്രീധരന്റെ സ്ഥലംമാറ്റ ശിപാർശ വിവാദമാകുന്നു.
കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്ന് ആദ്യത്തെ ശിപാർശ പുനഃപരിശോധിച്ച് പുതിയ ശിപാർശ കൈമാറിയതാണ് സുപ്രീംകോടതി കൊളീജിയത്തിൽ പുതിയ വിവാദത്തിനു വഴിതെളിച്ചത്.
ജസ്റ്റീസ് അതുൽ ശ്രീധരനെ ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റാനാണ് സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിനോട് ആദ്യം ശിപാർശ ചെയ്തത്. ഇത് അംഗീകരിക്കുകയായിരുന്നെങ്കിൽ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഡ് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയായി അദ്ദേഹം മാറുമായിരുന്നു.
എന്നാൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഈ ശിപാർശ പുനഃപരിശോധിക്കുകയാണെന്നും ജസ്റ്റീസ് അതുൽ ശ്രീധരനെ അലഹബാദ് ഹൈക്കോടതിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് പുതിയ ശിപാർശ കൊളീജിയം കൈമാറി.
സീനിയോറിറ്റി പ്രകാരം അലഹബാദ് ഹൈക്കോടതിയിൽ ഏഴാം സ്ഥാനത്താണു ജസ്റ്റീസ് അതുൽ ശ്രീധരൻ. നേരത്തേ സീനിയോറിറ്റി മറികടന്ന് പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ സുപ്രീംകോടതിയിലേക്കു നിയമിച്ച കോളീജിയത്തിന്റെ നടപടി ഏറെ വിവാദമായിരുന്നു.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കൊളീജിയത്തിലെ ഒരു അംഗമായ ജസ്റ്റീസ് ബി.വി. നാഗരത്ന ശിപാർശയിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്ത് കൈമാറിയിട്ട് രണ്ടു മാസം തികയുന്നതേയുള്ളൂ. ഇതിനിടയിലാണ് ജസ്റ്റീസുമാരുടെ നിയമനം സംബന്ധിച്ച മറ്റൊരു വിവാദത്തിലേക്ക് കൊളീജിയം എത്തുന്നത്.
ആർമിയിലെ മുതിർന്ന ഓഫീസറും "ഓപ്പറേഷന് സിന്ദൂറി’ന്റെ ഭാഗമായി പ്രതിരോധ-വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലൂടെ ശ്രദ്ധേയയുമായ കേണൽ സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തിൽ പരാമര്‍ശിച്ചാണ് മന്ത്രി വിജയ് ഷായ് പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്.
നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെതന്നെ സഹോദരിയെ നമ്മള് അയച്ചുവെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. പരാമര്‍ശം വിവാദമായതോടെ മന്ത്രി മാപ്പ് പറയുകയും ചെയ്തിരുന്നു.
പ്രസ്താവന വിവാദമായതോടെ മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ജസ്റ്റീസ് അതുൽ ശ്രീധരൻ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകുകയായിരുന്നു.