എണ്ണ ഇറക്കുമതി: ട്രംപിനെ തള്ളി ഇന്ത്യ
Friday, October 17, 2025 2:27 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അസംസ്കൃത എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതിനാണു മുൻഗണനയെന്ന് കേന്ദ്രസർക്കാർ.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഫോണ് സംഭാഷണം നടത്തിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് രണ്ധീർ ജയ്സ്വാൾ പറഞ്ഞു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പു നൽകിയതായുള്ള ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയായാണു വിശദീകരണം.
യുക്രെയ്നിലെ യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലെ വലിയ ചുവടുവയ്പാണ് മോദിയുടെ ഉറപ്പെന്ന യുഎസ് പ്രസിഡന്റിന്റെ അവകാശവാദം. ഇന്ത്യ ഇതു തള്ളിയത് ഇക്കാര്യത്തിൽ കൂടുതൽ വിവാദത്തിനു വഴിതെളിച്ചേക്കും. നേരത്തെ, ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതു തന്റെ മധ്യസ്ഥതയിലാണെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനയും ഇന്ത്യ അംഗീകരിച്ചിരുന്നില്ല.
നരേന്ദ്ര മോദിയുമായി ടെലിഫോണ് സംഭാഷണം നടത്തിയെന്നും റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്തുമെന്ന് ഉറപ്പു നൽകിയെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരുനേതാക്കളും തമ്മിൽ കഴിഞ്ഞദിവസം ഫോണ് സംഭാഷണം നടത്തിയിട്ടില്ലെന്നു വിദേശകാര്യ വക്താവ് പറഞ്ഞു. എന്നാൽ, പരോക്ഷമായി തള്ളിയെങ്കിലും ട്രംപിന്റെ പ്രസ്താവനയെ പേരെടുത്തു നേരിട്ടു നിഷേധിച്ചില്ല.
“എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. ഊർജമേഖലയിൽ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതിനാണു സ്ഥിരമായ മുൻഗണന. ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്താൽ നയിക്കപ്പെടുന്നു”-വിദേശകാര്യ വക്താവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്ഥിരമായ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുകയാണ് ഊർജ നയത്തിന്റെ ഇരട്ട ലക്ഷ്യങ്ങൾ. ഊർജസ്രോതസുകൾ വിശാലമാക്കുകയും വിപണിസാഹചര്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ രീതിയിൽ വൈവിധ്യവത്കരിക്കുകയും ചെയ്യുകയെന്നത് ഇതിൽ ഉൾപ്പെടുന്നുവെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
അമേരിക്കയിൽനിന്നുള്ള ഊർജസംഭരണം വിപുലീകരിക്കാൻ വർഷങ്ങളായി ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ ഇത് ക്രമാനുഗതമായി പുരോഗമിച്ചു. ഇന്ത്യയുമായുള്ള ഊർജ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിൽ നിലവിലെ ഭരണകൂടം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നുവെന്നും ജയ്സ്വാൾ പറഞ്ഞു.
അമേരിക്കയുടെ ഭീഷണിക്കു വഴങ്ങാതെ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ നേരത്തേ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ന്യായീകരിച്ചിരുന്നു. യൂറോപ്പിന്റെ പ്രശ്നങ്ങൾ ലോകത്തിന്റെ പ്രശ്നങ്ങളാണ്. പക്ഷേ ലോകത്തിന്റെ പ്രശ്നങ്ങൾ യൂറോപ്പിന്റെ പ്രശ്നങ്ങളല്ലെന്ന മനോഭാവത്തിൽനിന്ന് അവർ വളരേണ്ടതുണ്ടെന്നായിരുന്നു ജയ്ശങ്കറിന്റെ വിശദീകരണം.
ട്രംപ് പറഞ്ഞത്
“റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതു നിർത്തുമെന്ന് അദ്ദേഹം (മോദി) എനിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഉടനടി അതു ചെയ്യാൻ അദ്ദേഹത്തിനു കഴിയില്ല. ഇതൊരു പ്രക്രിയയാണ്.
പക്ഷേ, ഈ പ്രക്രിയ ഉടൻ അവസാനിക്കും”- റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നു പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പുനൽകിയതായി അവകാശപ്പെട്ട് ഡോണൾഡ് ട്രംപ് നടത്തിയ ഈ പ്രസ്താവനയാണ് രാജ്യത്തു വലിയ കോളിളക്കമായത്.
യുക്രെയ്നിലെ യുദ്ധത്തിന്റെ പേരിൽ മോസ്കോയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലെ വലിയൊരു ചുവടുവയ്പാണിതെന്നും ബുധനാഴ്ച വൈറ്റ് ഹൗസിൽ നടന്ന മാധ്യമസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. അദ്ദേഹം (പ്രധാനമന്ത്രി മോദി) തന്റെയൊരു സുഹൃത്താണെന്നും തങ്ങൾക്കിടയിൽ നല്ലൊരു ബന്ധമുണ്ടെന്നും ട്രംപ് കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു.