ആർഎസ്എസിനെ നിയന്ത്രിക്കാൻ നിയമനിർമാണത്തിന് കർണാടക സർക്കാർ
Friday, October 17, 2025 2:27 AM IST
ബംഗളൂരു: പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാനൊരുങ്ങി കർണാടക. ഇതിനായി നിയമം നിർമിക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചു.
""ഇനി പൊതു സ്ഥലങ്ങളിലോ റോഡുകളിലോ ഇഷ്ടമുള്ളത് ചെയ്യാൻ കഴിയില്ല. എന്ത് ചെയ്യണമെങ്കിലും, അത് സർക്കാരിന്റെ അനുമതിയോടെ മാത്രമായിരിക്കണം’’- പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ആർഎസ്എസിനെയും പോഷകസംഘടനകളെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനിർമാണത്തിനൊരുങ്ങുന്നത്. ""ഇനി പൊതുനിരത്തിലൂടെ വടിയുംകറക്കി പദസഞ്ചലനം നടത്താൻ കഴിയില്ല. ഇതെല്ലാം ഇനി അവതരിപ്പിക്കാൻ പോകുന്ന നിയമത്തിന്റെ ഭാഗമായി മാത്രമേ ചെയ്യാൻ കഴിയൂ.
പൊതുസ്ഥലങ്ങൾ, സർക്കാർ സ്കൂളുകൾ, കോളജുകൾ, സർക്കാർ സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സംഘടനകളുടെ പ്രവർത്തനം സംബന്ധിച്ചാണ് നിയമം കൊണ്ടുവരാൻ പോകുന്നത്’’’- മന്ത്രിസഭാ യോഗത്തിന് ശേഷം പ്രിയങ്ക് അറിയിച്ചു.
ആഭ്യന്തര, നിയമ, വിദ്യാഭ്യാസ വകുപ്പുകൾ എന്നിവ നേരത്തേ പുറപ്പെടുവിച്ച ഉത്തരവുകൾ ഒരുമിച്ചു കൊണ്ടുവന്ന് പുതിയ നിയമം രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും- അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണു പ്രിയങ്ക്. ആർഎസ്എസ് പ്രവർത്തകരിൽനിന്നു പ്രിയങ്കിന് സമീപ ദിവസങ്ങളിൽ വധഭീഷണി നേരിടേണ്ടിവന്നിരുന്നു.