സെൻസസ്: പ്രീടെസ്റ്റ് നവംബർ 10 മുതൽ
Saturday, October 18, 2025 2:47 AM IST
ന്യൂഡൽഹി: ഔദ്യോഗിക സെൻസസ് നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനുമുന്പ് ട്രയൽ നടത്താനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി 2027 സെൻസസിന്റെ ആദ്യഘട്ടത്തിനു മുന്നോടിയായുള്ള പ്രീ ടെസ്റ്റ് നവംബർ 10 മുതൽ നടത്തുമെന്ന് കേന്ദ്ര രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ അറിയിച്ചു.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സാന്പിൾ പ്രദേശങ്ങളിൽ നവംബർ 30 വരെയായിരിക്കും പ്രീടെസ്റ്റെന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്നു. നവംബർ ഒന്നുമുതൽ ഏഴുവരെ പൗരന്മാർക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ ഒരു സെൽഫ് എന്യുമറേഷൻ വിൻഡോയിലൂടെ ഡിജിറ്റലായി നൽകാൻ കഴിയുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അടുത്ത വർഷം ഏപ്രിൽ ഒന്നുമുതൽ 2027 ഫെബ്രുവരി 28 വരെ രണ്ടു ഘട്ടമായി നടക്കുന്ന സെൻസസിന്റെ ഫലപ്രാപ്തിയാണ് പ്രീടെസ്റ്റ് നടത്തുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സെൻസസിന് ഉപയോഗിക്കുന്ന സംവിധാനങ്ങൾ പരീക്ഷിക്കാനും വെല്ലുവിളികൾ തിരിച്ചറിയാനും രീതികൾ പരിഷ്കരിക്കാനും പ്രീടെസ്റ്റ് വഴി സാധിക്കും.
കേരളത്തിൽ ഇടുക്കി, പാലക്കാട് ജില്ലകളിലെ ഗോത്രമേഖലകൾ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലായിരിക്കും പ്രീടെസ്റ്റ് നടക്കുക. ഈ വിവരങ്ങൾ യഥാർഥ സെൻസസ് രേഖകളിൽ ഉൾപ്പെടുത്തില്ല.
പൂർണമായും ഡിജിറ്റലായ ഇത്തവണത്തെ സെൻസസിൽ പൗരന്മാർക്കു സ്വയം വിവരങ്ങൾ നൽകാൻ കഴിയുന്ന സംവിധാനമാണ് നവംബർ ഒന്നുമുതൽ തുടങ്ങുന്ന സെൽഫ് എന്യുമറേഷൻ വഴി പരീക്ഷിക്കപ്പെടുക. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസിനുമുന്പ് 2019ൽ കേന്ദ്രം രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പ്രീടെസ്റ്റ് നടത്തിയിരുന്നു.