ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സുപ്രീംകോടതിക്ക് ആശങ്ക; സ്വമേധയാ കേസെടുത്തു
Saturday, October 18, 2025 2:47 AM IST
സനു സിറിയക്
ന്യൂഡൽഹി: രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇത്തരം തട്ടിപ്പുകൾ ഗുരുതരമായ ആശങ്കയുണ്ടാക്കുന്നുവെന്നു നിരീക്ഷിച്ച ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കോടതി വിഷയത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെയും സിബിഐയുടെയും പ്രതികരണവും തേടി.
കോടതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് ഹരിയാന സ്വദേശികളായ വൃദ്ധദന്പതികളിൽനിന്ന് 1.05 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസാണു കോടതി പരിഗണിച്ചത്. ദന്പതികളിൽ ഒരാൾ ചീഫ് ജസ്റ്റീസിന് കത്തെഴുതിയതിനെത്തുടർന്നാണു വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ പേരോ സീലോ ഉപയോഗിച്ച് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ഏറെ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് ഹർജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.
ഇത്തരത്തിൽ ജഡ്ജിമാരുടെ വ്യാജ ഒപ്പുകൾ ഉപയോഗിച്ച് ജുഡീഷൽ ഉത്തരവുകൾ നിർമിക്കുന്നത് നിയമവാഴ്ചയ്ക്കെതിരേയുള്ള വെല്ലുവിളിക്കു പുറമേ നിയമസംവിധാനത്തിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. സൈബർ കുറ്റകൃത്യങ്ങൾ മാത്രമായി ഇത്തരം നടപടികളെ കാണാൻ സാധിക്കില്ല. ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരേയുള്ള വെല്ലുവിളിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം കുറ്റകൃത്യങ്ങളെ പൂർണമായും ഇല്ലാതാക്കാനും കണ്ടെത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപിത ശ്രമങ്ങൾ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ആഭ്യന്തരമന്ത്രാലയ സെക്രട്ടറി, സിബിഐ ഡയറക്ടർ, ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർക്കാണു വിഷയത്തിൽ കോടതി നോട്ടീസ് അയച്ചത്. കേസിൽ അറ്റോർണി ജനറലിന്റെ സഹായവും കോടതി തേടിയിട്ടുണ്ട്.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്
സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കോടതികൾ തുടങ്ങി രാജ്യത്തെ വിവിധ ഏജൻസികളുടെ പേരിൽ ആളുകളെ ഓണ്ലൈനായി അറസ്റ്റ് ചെയ്യുന്നുവെന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം കവരുന്നത്. ഇരകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നു തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇത്തരം തട്ടിപ്പുകാർ കോടിക്കണക്കിനു രൂപ കൈക്കലാക്കുന്നു.
എന്നാൽ പണം നഷ്ടപ്പെട്ടുവെന്നത് ഒഴികെ മറ്റൊന്നിലും വാസ്തവം ഉണ്ടാകില്ല. കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ എന്നപേരിൽ വീഡിയോ കോൾ വിളിച്ച് ഏതെങ്കിലും ഒരു കുറ്റകൃത്യത്തിന്റെ ഭാഗമായി എന്ന് ഇരയെ തെറ്റിദ്ധരിപ്പിച്ചു പണം കവരുകയാണ് തട്ടിപ്പുകാർ പൊതുവെ സ്വീകരിക്കുന്ന രീതി. കോടതികളുടെ പേരിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നു.
ഡിജിറ്റൽ അറസ്റ്റ് എന്നതു രാജ്യത്തില്ലെന്നു വ്യക്തമാക്കി കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികൾ ആവർത്തിച്ചു ബോധവത്കരണം നടത്തിയിട്ടും പലരും ഈ കെണിയിൽ വീഴുന്നുവെന്നതാണു യാഥാർഥ്യം.
ഡിജിറ്റൽ അറസ്റ്റ് എന്ന സംവിധാനം രാജ്യത്തില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ വ്യക്തമാക്കിയതാണ്. മുതിർന്ന പൗരന്മാരും സാങ്കേതികവിദ്യ വശമില്ലാത്തവരുമാണ് തട്ടിപ്പുകാരുടെ വലയിൽ വീഴുന്നവരിൽ ഏറെയും.
ഇത്തരത്തിൽ ഏതെങ്കിലും തട്ടിപ്പ് നടക്കുന്നുവെന്ന് തോന്നിയാൽ 1930 എന്ന നന്പറിലോ പോലീസിലോ പരാതിപ്പെടാവുന്നതാണ്.