ബംഗളൂരുവിൽ എൻജി. വിദ്യാർഥിനി ബലാത്സംഗത്തിനിരയായി
Saturday, October 18, 2025 2:47 AM IST
ബംഗളൂരു: സൗത്ത് ബംഗളൂരുവിലെ സ്വകാര്യ എന്‍ജിനിയറിംഗ് കോളജില്‍ സീനിയർ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി.
ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഇതേ കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ഇരുപത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർഥിയെ കോടതി ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഒക്ടോബർ പത്തിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണ വേളയിൽ ഏഴാം നിലയിലെ ആർക്കിടെക്ചർ ബ്ലോക്കിലേക്കു വരാൻ വിദ്യാർഥിനിയോടു പ്രതി ആവശ്യപ്പെട്ടു. ഇതിനുശേഷം ചുംബിക്കാൻ ശ്രമിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആറാം നിലയിലെ പുരുഷന്മാരുടെ വാഷ്റൂമിലേക്ക് വലിച്ചുകയറ്റി ഡോർ പൂട്ടിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ഹനുമന്തനഗർ പോലീസിൽ നൽകിയ പരാതിയിലുള്ളത്. കടുത്ത മാനസിക സമ്മർദനം അനുഭവിച്ച കുട്ടി നാലു ദിവസത്തിനുശേഷമാണു മാതാപിതാക്കളെ വിവരമറിയിച്ചത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.