മതപരിവർത്തന നിരോധന നിയമം: ഷുവാട്സ് യൂണിവേഴ്സിറ്റി അധികൃതർക്കെതിരേ ചുമത്തിയ എഫ്ഐആർ റദ്ദാക്കി
Saturday, October 18, 2025 2:47 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ക്രൈസ്തവ മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഷുവാട്സ് യൂണിവേഴ്സിറ്റി (സാം ഹിഗ്ഗിൻബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ടെക്നോളജി ആൻഡ് സയൻസ്) വൈസ് ചാൻസലർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരേ മതപരിവർത്തന നിരോധന നിയമപ്രകാരം ചുമത്തിയ എഫ്ഐആറുകൾ സുപ്രീംകോടതി റദ്ദാക്കി.
ക്രൈസ്തവമതത്തിലേക്ക് കൂട്ടമായി ആളുകളെ മതം മാറ്റിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധനിയമം 2021 പ്രകാരമുള്ള കുറ്റമാണ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. രാജേന്ദ്ര ബിഹാരി ലാൽ, ഡയറക്ടർ വിനോദ് ബിഹാരി ലാൽ എന്നിവർക്കെതിരേ ചുമത്തിയത്. സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരേയും സമാന കുറ്റങ്ങൾ ചുമത്തിയിരുന്നു.
2021 ലെ ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 4 പ്രകാരം മൂന്നാം കക്ഷിക്ക് മതപരിവർത്തനം ആരോപിച്ചു പരാതിപ്പെടാൻ സാധിക്കില്ല. ഇതു കണക്കിലെടുത്താണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് എഫ്ഐആർ റദ്ദാക്കിയത്. 2024ൽ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കേസിൽ ബാധകമാകില്ലെന്നും കോടതി വിധിച്ചു.
മതപരിവർത്തനം സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കിയ നിയമത്തിന്റെ ചില ഭാഗങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 25ന്റെ ലംഘനമാണെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.
ക്രിമിനൽ നടപടികളെല്ലാം റദ്ദാക്കി സുപ്രീംകോടതി
കുറ്റാരോപിതർക്കെതിരേ ചുമത്തിയ എല്ലാ ക്രിമിനൽ നടപടികളും സുപ്രീംകോടതി റദ്ദാക്കി.എന്നിരുന്നാലും ഇന്ത്യൻ ശിക്ഷാനിയമ (ഐപിസി) പ്രകാരം കേസിൽ ആരോപിക്കപ്പെട്ട ചില കുറ്റകൃത്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. നിലവിൽ വൈസ് ചാൻസലർക്കു നൽകിയ ഇടക്കാല സംരക്ഷണം തുടരുമെന്നും കോടതി വ്യക്തമാക്കി.
2022 ഏപ്രിൽ മാസത്തിലാണ് കേസുമായി ബന്ധപ്പെട്ട ആദ്യ എഫ്ഐആർ ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്തത്.
ഫത്തേപുർ ജില്ലയിലെ ഹരിഹർഗഞ്ജിലെ ഇവാഞ്ചലിക്കൽ പള്ളിക്കു പുറത്ത് 90ഓളം ആളുകൾ ഒത്തുകൂടിയതായും ഇതു മതപരിവർത്തനത്തിന്റെ ഭാഗമാണെന്നുമായിരുന്നു കണ്ടെത്തൽ. 55 പേർ മതപരിവർത്തനവുമായി ബന്ധപ്പെട്ട റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് എഫ്ഐആറിൽ ആരോപിച്ചിരുന്നു.
എഫ്ഐആറിൽ തന്റെ പേരുപോലും പരാമർശിച്ചിട്ടില്ലെന്നും വിശ്വഹിന്ദു പരിഷത്തിന്റെ പേരിൽ നിരവധിപ്പേർ തന്നെ നിരന്തരം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സർവകലാശാലാ വൈസ് ചാൻസലർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, മതപരിവർത്തനം നടത്തിയെന്നതിന്റെ നിരവധി തെളിവുകൾ സർവകലാശാലയുടെ പരിസരത്തുനിന്ന് കണ്ടെത്തിയതായാണു ഉത്തർപ്രദേശ് സർക്കാരിന്റെ വാദം.