ഹർഷ് സാംഘ്വി ഗുജറാത്ത് ഉപമുഖ്യമന്ത്രി, രവീന്ദ്ര ജഡേജയുടെ ഭാര്യ മന്ത്രി
Saturday, October 18, 2025 2:47 AM IST
ഗാന്ധിനഗർ: ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി ഹർഷ് സാംഘ്വിയെ നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ അടക്കം ഇന്നലെ 19 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിസഭാ പുനഃസംഘടനയ്ക്കു മുന്നോടിയായി വ്യാഴാഴ്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 മന്ത്രിമാരും രാജിവച്ചിരുന്നു. ഇവരിൽ ഹർഷ് സാംഘ്വി അടക്കം ആറു പേരെ നിലനിർത്തി. ഇതോടെ മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ എണ്ണം 26 ആയി. 2027ൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മന്ത്രിസഭാ വികസനം.
മുൻ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു ഹർഷ് സാംഘ്വി . സൂറത്തിലെ മജുറ മണ്ഡലത്തെയാണ് സാംഘ്വി പ്രതിനിധീകരിക്കുന്നത്. നാലു വർഷത്തിനിടെ ആദ്യമായാണു ഗുജറാത്തിൽ ഉപമുഖ്യമന്ത്രിയുണ്ടാകുന്നത്.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അർജുൻ മോധ്വാഡിയയ്ക്ക് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, പ്രതിപക്ഷനേതാവ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള മോധ്വാഡിയ 2024 മാർച്ചിലാണു ബിജെപിയിൽ ചേർന്നത്.
റിവാബ ജഡേജയ്ക്കു സഹമന്ത്രിസ്ഥാനമാണു ലഭിച്ചത്. ഭർത്താവ് രവീന്ദ്ര ജഡേജയും മകളും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. റിവാബ അടക്കം മൂന്നു വനിതകൾ മന്ത്രിസഭയിലുണ്ട്. വിദ്യാഭ്യാസ വകുപ്പാണ് റിവാബയ്ക്കു ലഭിച്ചത്.
മന്ത്രിമാരിൽ ഒന്പതു പേർക്ക് കാബിനറ്റ് പദവിയുണ്ട്. മൂന്നു പേർക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനം ലഭിച്ചു. 13 പേർ സഹമന്ത്രിമാരാണ്.മുതിർന്ന നേതാക്കളായ ബൽവന്ത് സംഗ് രാജ്പുട്ട്, രാഘവജി പട്ടേൽ, ഭാനുബെൻ ബാബറിയ എന്നിവരടക്കം പത്തു മന്ത്രിമാരെ ഒഴിവാക്കി.