ബിഹാർ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ അതൃപ്തി പുകയുന്നു
Sunday, October 19, 2025 12:51 AM IST
പാറ്റ്ന: ജനങ്ങളുമായി അടുത്ത ബന്ധമുള്ള നേതാക്കൾക്കു സീറ്റ് നിഷേധിച്ചുവെന്ന വിമർശനവുമായി ബിഹാറിൽ കോൺഗ്രസിലെ ഒരു വിഭാഗം.
സാന്പത്തികസ്ഥിതി പരിഗണിച്ചാണ് സ്ഥാനാർഥികളെ തെരഞ്ഞെടുത്തതെന്നും ബിഹാർ കോൺഗ്രസ് റിസർച്ച് സെൽ അധ്യക്ഷൻ ആനന്ദ് മഹാദേവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഗജാനന്ദ് സാഹി, ഛത്രപതി തിവാരി, നാഗേന്ദ്ര പ്രസാദ് വികാൽ, രഞ്ജൻ സിംഗ്, ബെച്ചു പ്രസാദ് സിംഗ്, ബി. ചൗധരി തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
ബിഹാർ പിസിസി അധ്യക്ഷൻ രാജേഷ് റാമും സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരുവുമാണു പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. സീറ്റ് നിഷേധിച്ചുവെന്നതു മാത്രമല്ല എതിർപ്പിനു കാരണമെന്നും കോൺഗ്രസ് നിലപാട് പിന്തുടരുന്നവരെ അവഗണിക്കുന്നതും പ്രവർത്തകരെ തളർത്തുകയാണെന്ന് നേതാക്കൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിശ്വാസം ഇരുവരും മുതലെടുക്കുകയാണെന്നും ആനന്ദ് മഹാദേവ് ആരോപിച്ചു.
ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ പിസിസി അധ്യക്ഷൻ തയാറായില്ല. ഇടഞ്ഞുനിൽക്കുന്നവരുമായി സംസാരിച്ച് സ്ഥാനാർഥി പ്രഖ്യാപനം പുനപരിശോധിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. 48 സ്ഥാനാർഥികളെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട പട്ടിക വ്യാഴാഴ്ച രാത്രിയാണ് കോൺഗ്രസ് പുറത്തുവിട്ടത്.
ഏറ്റുമുട്ടാനൊരുങ്ങി ആര്‍ജെഡിയും കോണ്‍ഗ്രസും
പാറ്റ്ന: ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചിരിക്കെ ഇന്ത്യ മുന്നണിയിലെ ആര്‍ജെഡിയും കോണ്‍ഗ്രസും ഏതാനും സീറ്റുകളില്‍ പരസ്പരം മത്സരിക്കാനൊരുങ്ങുന്നു.
കുറഞ്ഞത് ആറ് മണ്ഡലങ്ങളിലെങ്കിലും ആർജെഡിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. ലാല്‍ഗഞ്ച്, വൈശാലി, രാജ്പകാര്‍, ബച്വാര, രോസ്റ, ബിഹാര്‍ശരിഫ് സീറ്റുകളിലാണ് മുന്നണിയ്ക്കുള്ളിൽനിന്നുള്ള പോര്.
അതേസമയം ഒന്നുരണ്ടുദിവസത്തിനുള്ളില് ഒരു നാമനിര്‍ദേശപത്രിക പിന്‍വലിക്കാനാകുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പ്രകടിപ്പിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ കൃത്യമായ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യഘട്ട നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഏകദേശം 1250 ലേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടെന്നാണ് ഏകദേശകണക്ക്.
തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
.