ജയം ഉറപ്പിച്ച് കുടുംബരാഷ്ട്രീയം
Monday, October 20, 2025 2:20 AM IST
പാറ്റ്ന: ബിഹാറിൽ വോട്ടെടുപ്പിനു മുന്‍പേ ജയം ഉറപ്പിച്ച് കുടുംബരാഷ്ട്രീയം. ഇതിനകം സീറ്റ് ഉറപ്പിച്ച സ്ഥാനാര്‍ഥികളില്‍ വലിയൊരു പങ്ക് മുതിര്‍ന്ന നേതാക്കളുടെ മക്കളോ അടുത്ത ബന്ധുക്കളോ ആണെന്നാണു വിമർശനം. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ നേതാക്കളും ഉറ്റബന്ധുക്കൾക്കു സീറ്റ് ഉറപ്പിക്കുന്ന തിരക്കിലായിരുന്നുവെന്ന് സ്ഥാനാര്‍ഥികളുടെ പട്ടിക തെളിയിക്കുന്നു.
മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ് രാഘോപുരിലാണു മത്സരിക്കുന്നത്. മുന്‍ മന്ത്രിയും സമതാപാര്‍ട്ടി നേതാവുമായ ശകുനി ചൗധരിയുടെ മകന് സാമ്രാട്ട് ചൗധരി താരാപുരിലും ആര്‍ജെഡി നേതാവ് അന്തരിച്ച മുഹമ്മദ് ഷഹാബുദ്ദിന്റെ മകന് ഉസാമ ഷഹാബ് രഘുനാഥ്പുരിലും ജനവിധി തേടും.
രാഷ്ട്രീയ ലോക്മോര്‍ച്ച നേതാവ് ഉപേന്ദ്ര കുശ്വാഹയുടെ ഭാര്യ സ്നേഹലത സസ്റാം മണ്ഡലത്തിൽ സീറ്റ് തരപ്പെടുത്തി. മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ മകന് നിതീഷ് മിശ്ര ജഞ്ജര്പുരില് ബിജെപി ടിക്കറ്റ് ഉറപ്പാക്കി. എച്ച്എഎം നേതാവായ കേന്ദ്രമന്ത്രി ജിതിന് റാം മാഞ്ചിയുടെ മരുമകള്‍ ദീപ മാഞ്ചി (ഇമാംഗഞ്ച്) അന്തരിച്ച വിഖ്യാത സോഷ്യലിസ്റ്റ് നേതാവ് കര്‍പ്പൂരി താക്കൂറിന്റെ കൊച്ചുമകള്‍ ജാഗ്രതി താക്കൂര്‍ (മോര്‍വ) ജനതാദള്‍ (യു) എംപി ഗിര്‍ധരി പ്രസാദ് യാദവിന്റെ മകന് ചാണക്യ പ്രസാദ് രഞ്ജന്‍ (ബെല്‍ഹാര്‍) എന്നിവരും വോട്ട് തേടും.
പട്ടിക തീർന്നില്ല. എല്‍ജെപി (റാംവിലാസ്) എംപി വീണ ദേവിയുടെ മകള്‍ കോമള്‍ സിംഗും (ഗയ്ഘട്ട്) ജെഡിയു എംപി ലവ്ലി ആനന്ദിന്റെ മകന് ചേതന്‍ ആനന്ദും (നബിനഗര്‍) അന്തരിച്ച ബിജെപി നേതാവ് നബിന് കിഷോര്‍ സിംഹയുടെ മകന് നിതിന്‍ നബിനും (ബങ്കിപുര്‍) ബിജെപി നേതാവ് ഗംഗാപ്രസാദ് ചൗരസ്യയുടെ മകന് സഞ്ജീവ് ചൗരസ്യയും (ദിഗ) ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് ശിവാനന്ദ് തിവാരിയുടെ മകന് രാഹുല്‍ തിവാരിയും (ഷാപുര്‍) സീറ്റ് നേടിയെടുത്തതും കുടുംബരാഷ്ട്രീയത്തിന്റെ സ്വാധീനം അടിവരയിടുന്നു.
ഷാപുരില്നിന്നുള്ള രാകേഷ് ഓജ ബിജെപി നേതാവ് അന്തരിച്ച വിശ്വേശ്വര്‍ ഓജയുടെ മകനാണ്. മൊകാമയില്‍ മത്സരിക്കുന്ന വീണ ദേവിയാകട്ടെ അടുത്തിടെ ആര്ജിഡിയില് ചേര്‍ന്ന സൂരജ്ഭാന്‍ സിംഗിന്റെ ഭാര്യയും. ആര്‍ജെഡി നേതാവ് മുന്ന ശുക്ലയുടെ മകളാണ് ലാല്‍ഗഞ്ചിലെ സ്ഥാനാര്‍ഥി ശിവാനി ശുക്ല.
കുടുംബരാഷ്ട്രീയം പ്രബലമാകുന്നതോടെ രാഷ്ട്രീയകക്ഷികള്‍ക്കു പ്രത്യയശാസ്ത്രപ്രതിബദ്ധത നഷ്ടമാകുമെന്ന വിമർശനം ഇതിനകം ഉയർന്നുകഴിഞ്ഞു. ഭരണഘടനാമൂല്യങ്ങളെക്കുറിച്ചും ജനാധിപത്യതത്വങ്ങളെക്കുറിച്ചും അവര്‍ വേവലാതിപ്പെടാറില്ലെന്നും എ.എന്‍. സിന്‍ഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രഫസര്‍ വി. വികാസ് നിരീക്ഷിക്കുന്നു.