സാന്പത്തികസ്ഥിരതയുള്ള പങ്കാളിക്കു ജീവനാംശം നൽകേണ്ടതില്ല: ഡൽഹി ഹൈക്കോടതി
സ്വന്തം ലേഖകൻ
Monday, October 20, 2025 2:20 AM IST
ന്യൂഡൽഹി: പങ്കാളി സാന്പത്തികമായി സ്വയംപര്യാപ്തയും സ്വതന്ത്രയുമാണെങ്കിൽ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചന കേസുകളിൽ ജീവനാംശം അനുവദിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി.
സ്ഥിര ജീവനാംശം സാമൂഹികനീതിയുടെ അളവുകോലായാണ് ഉദ്ദേശിക്കുന്നതെന്നും കഴിവുള്ള രണ്ടു വ്യക്തികളുടെ സാന്പത്തികസ്ഥിതി സന്പുഷ്ടമാക്കുന്നതിനോ തുല്യമാക്കുന്നതിനോ ഉള്ള ഉപകരണമല്ലെന്നും ജസ്റ്റീസുമാരായ അനിൽ ക്ഷേത്രർപാൽ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
റെയിൽവേ ഉദ്യോഗസ്ഥയായ സ്ത്രീ ഭർത്താവിൽനിന്നു ജീവനാംശം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2010 ജനുവരിയിൽ വിവാഹിതരായ ദന്പതികൾ 14 മാസത്തിനുള്ളിൽ വിവാഹമോചിതരായി. ഭർത്താവ് അഭിഭാഷകനായി സേവനമനുഷ്ഠിക്കുകയാണ്. ഭാര്യയുടെ ഭാഗത്തുനിന്ന് മാനസികവും ശാരീരികവുമായ പീഡനമുണ്ടായതായി ആരോപിച്ചു ഭർത്താവാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്.
എന്നാൽ ഈ ആരോപണം നിഷേധിച്ച ഭാര്യ ഭർത്താവിനെതിരേ കൂടുതൽ ആരോപണങ്ങളുമായി രംഗത്തു വരികയായിരുന്നു. 50 ലക്ഷം രൂപ ലഭിച്ചാൽ വിവാഹമോചനത്തിനു സമ്മതമാണെന്ന് ഭാര്യ കുടുംബക്കോടതിയെ അറിയിക്കുകയും ചെയ്തു.
എന്നാൽ ഭാര്യയുടെ ഈ ആവശ്യം നിഷേധിച്ച കുടുംബക്കോടതി ജീവനാംശം നൽകാൻ ഉത്തരവിടാതെ വിവാഹമോചനം അനുവദിക്കുകയായിരുന്നു. ഇതോടെയാണു വിഷയം ഹൈക്കോടതിയിലെത്തിയത്. കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് കുടുംബക്കോടതിയുടെ തീരുമാനം ശരിവച്ചു.
ജീവനാംശം ആവശ്യപ്പെടുന്ന ഹർജിക്കാരി കൃത്യമായി വരുമാനം ലഭിക്കുന്ന സാന്പത്തികഭദ്രതയുള്ള സർക്കാർ ജീവനക്കാരിയാണെന്നും കോടതി കണ്ടെത്തി. വിവാഹബന്ധത്തിൽ കുട്ടികളില്ലാത്തതും കോടതി ചൂണ്ടിക്കാട്ടി.