സ്വന്തമായി തോക്ക്, 18 കേസുകൾ ; സത്യവാങ്മൂലത്തിൽ തേജസ്വി
Wednesday, October 22, 2025 1:39 AM IST
പാറ്റ്ന: സ്വന്തമായി തോക്ക്, ലക്ഷങ്ങളുടെ ആഭരണം, ഒന്പതാംക്ലാസ് വിദ്യാഭ്യാസം... രാഘോപുർ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടുന്ന പ്രതിപക്ഷനേതാവ് തേജസ്വി യാദവ് തെരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ.
ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഇറ്റാലിയൻ നിർമിത ബെരേറ്റ എൻപിബി 380 തോക്കും അന്പത് വെടിയുണ്ടകളുമാണു കൈവശമുള്ളത്. 36കാരനായ തേജസ്വിക്കെതിരേ 18 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. അപ്പീൽ ഘട്ടത്തിലുള്ള നാലു കേസുകൾ ഇതിനു പുറമേയും.
സാമൂഹ്യപ്രവർത്തനവും ക്രിക്കറ്റുമാണ് തൊഴിൽ. അതേസമയം കാറുകളോട് കന്പമില്ല. സ്വന്തം പേരിൽ കാറുകളില്ല. കൈവശം 200 ഗ്രാം സ്വർണമുണ്ട്, ഭാര്യയ്ക്ക് 480 ഗ്രാമും. ഇതുൾപ്പെടെ 83.93 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 2.97 ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങളുമുണ്ട്.കുടുംബത്തിന്റെ മൊത്തം ആസ്തി 8.98 കോടി രൂപയാണ്. കഴിഞ്ഞ സാന്പത്തികവർഷം 11,47,610 രൂപ നികുതിയടച്ചു.
ഒന്പതാംക്ലാസ് ആണ് വിദ്യാഭ്യാസം. ഇലക്ട്രോണിക് ഉപകരണങ്ങളിലും കന്പമുണ്ട്. കംപ്യൂട്ടറുകൾ ഉൾപ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങൾ കൈവശമുണ്ട്.1.5 ലക്ഷം രൂപ പണമായുണ്ട്. ഭാര്യയുടെ കൈവശം ഒരു ലക്ഷം രൂപയും. 55.55 ലക്ഷം രൂപയുടെ വായ്പയും ഉണ്ട്. അമ്മ റാബ്രിദേവിയും സഹോദരൻ തേജ്പ്രതാപും ചേർന്നാണ് വായ്പ എടുത്തിരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.