ബിഹാർ തെരഞ്ഞെടുപ്പിനു ഫണ്ട് ശേഖരണം ; ആരോപണം നിഷേധിച്ച് കർണാടക കോൺഗ്രസ്
Wednesday, October 22, 2025 1:39 AM IST
ബംഗളൂരു: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി ഫണ്ട് ശേഖരിച്ചുവെന്ന ബിജെപിയുടെ ആരോപണം നിഷേധിച്ച് കർണാടകത്തിലെ കോൺഗ്രസ് മന്ത്രിമാർ.
ബിഹാർ തെരഞ്ഞെടുപ്പിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ പണം ശേഖരിക്കുന്നതായി ബിജെപി നേതാക്കളായ ജഗദീഷ് ഷെട്ടാറും ബി.വൈ. രാഘവേന്ദ്രയുമാണ് ആരോപിച്ചത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞദിവസം മന്ത്രിസഭാംഗങ്ങൾക്ക് അത്താഴവിരുന്ന് നൽകിയത് പണപ്പിരിവ് ഊർജിതമാക്കാനാണെന്നും ഇരുവരും ആരോപിച്ചിരുന്നു.
ബിജെപി നേതാവും മുൻമുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയുടെ മകനാണ് ശിവമോഗ എംപിയായ രാഘവേന്ദ്ര. കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയാകട്ടെ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും.
ആരോപണത്തിൽ തെളിവ് ഹാജരാക്കാൻ രാഘവേന്ദ്ര തയാറാകണമെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രതികരണം. കോൺഗ്രസിനെ ഭയപ്പെടുന്നതിനാലാണ് ആരോപണം. ബിഹാറിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.