മകന്റെ മരണം: പഞ്ചാബ് മുന്‍ ഡിജിപിക്കും ഭാര്യക്കും എതിരേ കേസ്
Wednesday, October 22, 2025 1:39 AM IST
ചണ്ഡിഗഡ്: മകന്റെ മരണവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുന്‍ ഡിജിപി മുഹമ്മദ് മുസ്തഫയ്ക്കും ഭാര്യയും മുന്‍ മന്ത്രിയുമായ റാസിയ സുല്‍ത്താനയ്ക്കും എതിരേ പോലീസ് കേസെടുത്തു. ഇവരുടെ മകന് അഖില്‍ അക്തറിനെ (35) കഴിഞ്ഞ 16ന് ഹരിയാനയിലെ പഞ്ച്കുളയില്വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പഞ്ചാബിലെ മലേര്കോട്ലയില്നിന്നുള്ള ഷംസുദ്ദീനാണ് പരാതി നല്‍കിയിരുന്നത്. ഇരുവര്‍ക്കുമെതിരേ കൊലപാതകം, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അക്തറിന്റെ ഭാര്യയും സഹോദരിയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 27ന് അഖില്‍ അക്തര്‍ തന്റെ പിതാവിനും സ്വന്തം ഭാര്യക്കും എതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ ഭാര്യയും അച്ഛനും തമ്മില്‍ വിവാഹേതര ബന്ധമുണ്ടെന്നും താനിപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുമോ എന്ന് ഭയക്കുന്നുവെന്നും അഖില്‍ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.
എന്നാല്‍, പിന്നീട് അഖില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇത്രയും നല്ല ഒരു കുടുംബം തനിക്കു ലഭിച്ച അനുഗ്രഹമാണെന്നും പറഞ്ഞിരുന്നു. മുമ്പ് താന്‍ പോസ്റ്റ് ചെയ്ത വീഡിയോ മാനസിക വിഭ്രാന്തിയില്‍ ചെയ്തതാണെന്നും അഖില്‍ പറയുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എസിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപവത്കരിച്ചിട്ടുണ്ടെന്നു ഡിസിപി വ്യക്തമാക്കി.