ജൽ ജീവൻ മിഷനിൽ വ്യാപക അഴിമതിയെന്നു കണ്ടെത്തൽ; സംസ്ഥാനങ്ങളോടു കേന്ദ്രം റിപ്പോർട്ട് തേടി
Tuesday, October 21, 2025 2:14 AM IST
ന്യൂഡൽഹി: കുടിവെള്ള വിതരണത്തിനുള്ള കേന്ദ്രപദ്ധതിയായ ജൽ ജീവൻ മിഷനിൽ വ്യാപക അഴിമതിയെന്നു കണ്ടെത്തൽ.
അഴിമതി സംബന്ധിച്ച അന്വേഷണങ്ങളുടെയും ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടികളുടെ വിവരങ്ങളും അറിയിക്കാൻ ആവശ്യപ്പെട്ടു സംസ്ഥാനസർക്കാരുകൾക്ക് കേന്ദ്രം കത്തയച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന അവലോകനയോഗത്തിലാണ് അഴിമതിയും ക്രമക്കേടുകളും കൂടുന്നതായി വിലയിരുത്തിയത്.
കുടിവെള്ള പദ്ധതികളുടെ കണക്കാക്കിയ ചെലവിനേക്കാളും 15 ശതമാനത്തോളം തുക ഉയർന്നതിലും അവലോകന യോഗം ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ 14,586 പദ്ധതികൾക്കായി മൊത്തം 16,839 കോടി രൂപയുടെ അധിക ചെലവുണ്ടായതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഗ്രാമീണവീടുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ജൽ ജീവൻ മിഷൻ (ജെജെഎം) നടപ്പാക്കലിലെ അഴിമതി സംബന്ധിച്ച സിബിഐ, ലോകായുക്ത, മറ്റ് അഴിമതിവിരുദ്ധ വകുപ്പുകൾ എന്നിവ ഫയൽ ചെയ്ത കേസുകളുടെ വിശദാംശങ്ങളാണു കേന്ദ്രം ശേഖരിക്കുന്നത്.
അഴിമതിക്കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേ സ്വീകരിച്ച നടപടികളുടെ രൂപരേഖ തയാറാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.
കരാറുകാർക്കും തേർഡ് പാർട്ടി ഇൻസ്പെക്ഷൻ ഏജൻസികൾക്കുമെതിരേ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകൾ, അതിൽ ചുമത്തിയ പിഴ, കരിന്പട്ടികയിൽ പെടുത്തിയവരുടെ എണ്ണം, എഫ്ഐആർ ഫയൽ ചെയ്തവർ, തിരിച്ചുപിടിച്ച തുകകൾ എന്നിവ ഇതിലുൾപ്പെടുന്നു.
രാജ്യത്തുടനീളമുള്ള ജെജെഎം പദ്ധതികളുടെ പരിശോധനയ്ക്കായി നൂറിലധികം നോഡൽ ഓഫീസർമാരുടെ സംഘത്തെ കേന്ദ്രം നേരത്തേ നിയോഗിച്ചിരുന്നു.