അഞ്ചുവയസുകാരനെ പിതാവിന്റെ ഡ്രൈവർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
Wednesday, October 22, 2025 1:39 AM IST
ന്യൂഡൽഹി: ഡൽഹയിലെ നരേല മേഖലയിൽ അഞ്ചു വയസുകാരനെ പിതാവിന്റെ ഡ്രൈവർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പ്രതികാര കൊലപാതകമാണിതെന്ന് പോലീസ് പറഞ്ഞു.
നീതു എന്നയാളാണ് കുട്ടിയെ ഇഷ്ടികകൊണ്ട് ഇടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. നിതുവിന്റെ വാടകവീട്ടിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽ പോയ നിതുവിനെ കണ്ടെത്താൻ വിവിധ പോലീസ് സംഘങ്ങളെ നിയോഗിച്ചു.
കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന് എട്ടു വാഹനങ്ങളുണ്ട്. നീതു, വാസിം എന്നിവർ ഡ്രൈവർമാരായി ജോലി ചെയ്യുന്നു. തിങ്കളാഴ്ച വൈകുന്നേരം നീതുവും വാസിമും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് നീതു വാസിമിനെ മർദിച്ചു.
സംഭവമറിഞ്ഞ് കുട്ടിയുടെ പിതാവ് നീതുവിനെ തല്ലി. അപമാനിതനായ നീതു, വീടിനു പുറത്തു കളിക്കുകയായിരുന്ന അഞ്ചു വയസുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.