നവി മുംബൈ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം;മൂന്നംഗ മലയാളി കുടുംബം ഉൾപ്പെടെ നാലുപേർ മരിച്ചു
Wednesday, October 22, 2025 1:39 AM IST
മുംബൈ: നവി മുംബൈയിലെ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്നംഗ മലയാളികുടുംബം ഉൾപ്പെടെ നാലുപേർ മരിച്ചു.
തിരുവനന്തപുരം സ്വദേശിയായ സുന്ദര്‍ ബാലകൃഷ്ണന് (44), ഭാര്യ പൂജാ രാജന് (39), മകള്‍ വേദിക (6) എന്നിവരാണു മരിച്ച മലയാളികൾ. നവി മുംബൈയിലെ വാഷി സെക്ടറിൽ സ്ഥിതിചെയ്യുന്ന എംജി കോംപ്ലക്സിലെ "രജേഹ’ കെട്ടിടത്തിലെ "ബി’ വിംഗിലെ പത്താം നിലയിൽ ഇന്നലെ പുലർച്ചെ 12.30ഓടെയാണു തീപിടിത്തമുണ്ടായത്. മിനിറ്റുകൾക്കകംതന്നെ തീ 11-ാം നിലയിലേക്കും 12-ാം നിലയിലേക്കും പടർന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ 11 പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
ഫ്ലാറ്റ് നന്പർ 1205ലായിരുന്നു മലയാളി കുടുംബം താമസിച്ചിരുന്നത്. ടയർ വ്യവസായ രംഗത്തു പ്രവർത്തിക്കുന്ന സുന്ദർ രാമകൃഷ്ണനും പൂജയും മുംബൈയിൽ ജനിച്ചുവളർന്നവരാണ്. തീ ചുറ്റും പടർന്നതോടെ ഇവർ ഫ്ലാറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.
അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തി നിരവധി പേരെ പുറത്തെത്തിച്ചെങ്കിലും മലയാളി കുടുംബത്തെ രക്ഷിക്കാനായില്ല. 11-ാമത്തെ നിലയിൽ താമസിച്ചിരുന്ന കിടപ്പുരോഗിയായ കമല ഹിരാലാൽ ജയിൻ(84) ആണ് മരിച്ച മറ്റൊരാൾ.
എസിയിൽനിന്നാകാം തീപിടിത്തമുണ്ടായതെന്നാണ് അനുമാനം. അഗ്നിരക്ഷാസേനയുടെ എട്ടു യൂണിറ്റുകളെത്തി ഏകദേശം മൂന്നു മണിക്കൂറിലധികം പരിശ്രമിച്ചശേഷമാണു തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
മലയാളികളുടെ മൃതദേഹങ്ങൾ വാശി മുനിസിപ്പൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം വൈകുന്നേരത്തോടെ മാതാപിതാക്കളുടെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു. തുടർന്ന് വൈകുന്നേരത്തോടെ തുർഭേ ഹിന്ദു ശ്മശാനത്തിൽ സംസ്കരിച്ചു.
ചിറയിന്‍കീഴ് പണ്ടകശാലയ്ക്കു സമീപം ആല്‍ത്തറമൂട് നന്ദനത്തില്‍ രാജന്-വിജയ ദമ്പതികളുടെ മകളാണ് പൂജ. അതേസമയം, നവി മുംബൈയിലെതന്നെ കാമോഠെയിലെ സെക്ടർ 36ൽ അംബെ ശ്രദ്ധ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അപ്പാർട്ട്മെന്റിലെ മൂന്നാം നിലയിൽ ഇന്നലെ പുലർച്ചെ അഞ്ചോടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. അമ്മയും മകളുമാണ് തീപ്പൊള്ളലേറ്റ് രിച്ചത്. മറ്റു കുടുംബാംഗങ്ങളെ രക്ഷപ്പെടുത്താനായി.