പിഎം ശ്രീ പദ്ധതി ചർച്ച ചെയ്തു തീരുമാനിക്കും: എം.എ. ബേബി
Wednesday, October 22, 2025 1:39 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ സിപിഐ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരിക്കെ സമവായത്തിനുള്ള സൂചനകൾ നൽകി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
കേരളം പദ്ധതിയിൽ ഒപ്പിടുന്നതു സംബന്ധിച്ച് എൽഡിഎഫ് ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ബേബി ഡൽഹിയിൽ പറഞ്ഞു. സിപിഐയെ അവഗണിക്കുന്ന സമീപനം ദേശീയതലത്തിലോ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലോ ഉണ്ടാകില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പിഎം ശ്രീ പദ്ധതി അംഗീകരിച്ചിട്ടുണ്ട്.
കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ എൽഡിഎഫിനും സർക്കാരിനും കഴിയും. വിദ്യാർഥികൾക്കു പ്രയോജനപ്രദമാകുന്ന വിധത്തിൽ എങ്ങനെയാണ് കേന്ദ്രഫണ്ട് വിനിയോഗിക്കാൻ കഴിയുമെന്നു പരിശോധിക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്.
സിപിഐയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കണ്‍വീനറും വ്യക്തമാക്കിയതാണ്. എൽഡിഎഫ് തീരുമാനമെടുക്കുന്നതുവരെ മാധ്യമങ്ങൾ ക്ഷമ കാണിക്കുന്നതാണ് ഉചിതമെന്നും എം.എ. ബേബി പറഞ്ഞു.