ഡൽഹിയിൽ കൃത്രിമമഴ വൈകും
Wednesday, October 22, 2025 1:39 AM IST
ന്യൂഡൽഹി: മലിനീകരണം വീണ്ടും രൂക്ഷമായ രാജ്യതലസ്ഥാനത്ത് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലൂടെ കൃത്രിമമഴ പെയ്യിക്കാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതി വൈകും.
കാലാവസ്ഥ അനുകൂലമായതിനാൽ ഈ മാസം 24നും 26നുമിടയ്ക്കു കൃത്രിമമഴ പെയ്യിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ആദ്യം വാർത്തകൾ പുറത്തുവന്നതെങ്കിലും അനുകൂലമായ കാലാവസ്ഥ ഇല്ലാത്തതിനാൽ പരീക്ഷണം വൈകുമെന്നാണ് സംസ്ഥാന പരിസ്ഥിതി മന്ത്രി മൻജീന്തർ സിംഗ് സിർസ ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
ക്ലൗഡ് സീഡിംഗിൽ ആദ്യം ക്ലൗഡാണ് വരുന്നതെന്നും പിന്നീടാണ് സീഡിംഗ് വരുന്നതെന്നും മേഘങ്ങളുള്ളപ്പോൾ മാത്രമേ പരീക്ഷണം നടത്താൻ കഴിയൂവെന്നും സിർസ പറഞ്ഞു.
കാലാവസ്ഥാവകുപ്പ് കൂടി അനുമതി നൽകിക്കഴിഞ്ഞാൽ ദീപാവലിക്കുശേഷം ഡൽഹിയിൽ കൃത്രിമമഴ പെയ്യിക്കുമെന്നായിരുന്നു സിർസ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നത്. ക്ലൗഡ് സീഡിംഗ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പ്രദേശത്തിനു ചുറ്റും പൈലറ്റുമാർ ഇതിനോടകം പരീക്ഷണപ്പറക്കലുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും വിമാനങ്ങളിൽ ക്ലൗഡ് സീഡിംഗിനായുള്ള ഉപകരണങ്ങളെല്ലാം ഘടിപ്പിച്ചിട്ടുണ്ടെന്നും സിർസ അറിയിച്ചിരുന്നു.