ബംഗളൂരുവിൽ വിദ്യാർഥികളെ തല്ലിച്ചതച്ച പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരേ കേസ്
Wednesday, October 22, 2025 1:39 AM IST
ബംഗളൂരു: ബംഗളൂരുവിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി സ്കൂൾ കുട്ടികളെ തല്ലിച്ചതച്ച പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരേ പോലീസ് കേസെടുത്തു.
ചിത്രദുർഗയിലെ നായകനഹട്ടി ഗ്രാമത്തിൽ സംസ്കൃത പാഠശാലയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ അധ്യാപകനെതിരേയും ബംഗളൂരു സൗത്തിലെ സുങ്കടക്കട്ടയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ പിവിസി പൈപ്പുകൊണ്ടു തല്ലിച്ചതച്ച പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരേയുമാണു പോലീസ് കേസെടുത്തത്.
ചിത്രദുർഗയിലെ ക്ഷേത്രത്തോടു ചേർന്നുള്ള സ്കൂളിൽ കുട്ടിയെ അധ്യാപകൻ വീരേഷ് ഹിരേമത് തൊഴിക്കുകയും കൈ പിടിച്ചുവളയ്ക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുത്തശിയെ ഫോണിൽ വിളിച്ചുവെന്നതായിരുന്നു കുട്ടിക്കെതിരേയുള്ള കുറ്റം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങി.
ബംഗളൂരു സൗത്തിലെ സുങ്കടക്കട്ടയിലാണ് മറ്റൊരു സംഭവം. രണ്ടു ദിവസം അവധിയെടുത്തശേഷം പിറ്റേന്ന് സ്കൂളിലെത്തിയ ഒന്പതുവയസുകാരനെ ചോദ്യം ചെയ്ത അധ്യാപികയാണ് ആദ്യം കുട്ടിയെ മർദിച്ചത്. രണ്ടു മണിക്കൂറിനുശേഷം പ്രിൻസിപ്പലിന്റെ അടുക്കലേക്കു കുട്ടിയെ പറഞ്ഞുവിട്ടു. അവിടെ ഇരുട്ടുമുറിയിൽ കുട്ടിയെ പൂട്ടിയിട്ട് പിവിസി പൈപ്പുകൊണ്ട് ശരീരമാസകലം കുട്ടിയെ തല്ലിച്ചതച്ചു.
ബന്ധുവായ സ്കൂൾ സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു പ്രിൻസിപ്പലിന്റെ മർദനം. വീട്ടിലെത്തിയ കുട്ടി അവശനായിരുന്നുന്നെന്നും ആശുപത്രിയിൽ ചികിത്സ തേടിയശേഷം പ്രിൻസിപ്പൽ രാകേഷ് കുമാർ, അധ്യാപിക ചന്ദ്രിക എന്നിവർക്കെതിരേ പോലീസിൽ പരാതി നല്കിയെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തശേഷം പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കുട്ടിയെ മർദിച്ചതായി ഇരുവരും സമ്മതിച്ചെന്നു പോലീസ് പറഞ്ഞു. കുട്ടി സ്കൂളിൽ വരാതിരുന്നതാണ് പ്രകോപനത്തിനു കാരണമായി ഇവർ പറഞ്ഞത്. ഈ മാസം 14നായിരുന്നു കേസിനാസ്പദമായ സംഭവം.