ആവേശമില്ലാതെ മുഹൂർത്തവ്യാപാരം
Tuesday, October 21, 2025 11:10 PM IST
മുംബൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള 2025 മുഹൂർത്തവ്യാപാരം ഒട്ടും ആവേശകരമായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45 മുതൽ 2.45 വരെ ഒരു മണിക്കൂർ മാത്രം നീണ്ട വ്യാപാരത്തിൽ ഓഹരിവിപണി ചെറിയൊരു നേട്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ അഞ്ചാം സെഷനിലാണ് ഓഹരിവിപണി നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കുന്നത്.
എൻഎസ്ഇ നിഫ്റ്റി 25800 പോയിന്റിനു മുകളിലായും ബിഎസ്ഇ സെൻസെക്സ് 63 പോയിന്റ് ഉയർന്നുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ എട്ട് മുഹൂർത്തവ്യാപാരത്തിലും ഓഹരിവിപണിക്ക് നേട്ടമുണ്ടാക്കാനായി. 2024ലെ സംവത് 2081ൽ തുടർച്ചയായ രണ്ടു ദിവസത്തെ വ്യാപാര നഷ്ടത്തിനുശേഷമാണ് ഓഹരിവിപണി ഉയർന്നത്.
സംവത് 2082ലേക്കുള്ള മുഹൂർത്ത വ്യാപാരത്തിന്റെ തുടക്കത്തിൽ ഓഹരികൾ നല്ല മുന്നേറ്റം കാഴ്ചവച്ചു. എന്നാൽ, ഈ കുതിപ്പിന് അധികനേരം നിൽക്കാനായില്ല. മുഖ്യ സൂചികകളിലും ബാങ്ക് നിഫ്റ്റിയിലും ഇടിവുണ്ടായി.
250 പോയിന്റ് വരെ ഉയർന്ന സെൻസെക്സ് താഴ്ന്നു. നിഫ്റ്റി 25,934.35 ൽ എത്തിയ ശേഷമാണ് തകർച്ച നേരിട്ടത്. അവസാനം സെൻസെക്സ് 62.97 പോയിന്റ് ഉയർന്ന് 84,426.34ലും നിഫ്റ്റി 25.45 പോയിന്റ് ലാഭത്തിൽ 25,868.60ലും വ്യാപാരം പൂർത്തിയാക്കി.
നവംബർ ഒന്നുമുതൽ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 100 ശതമാനം അധികത്തീരുവ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ചൈന കടുംപിടിത്തം തുടർന്നാൽ ഇതു 155 ശതമാനം ആക്കുമെന്നാണ് പുതിയ ഭീഷണി. ഇത് മുഹൂർത്ത വ്യാപാരത്തിനു മേൽ നിഴൽ പരത്തി.
മേഖലാ സൂചികകളിൽ നിഫ്റ്റി പൊതുമേഖല ബാങ്ക്, റിയൽറ്റി ഒഴികെ എല്ലാ സൂചികകളും ഉയർന്നു.ഇന്നലെ ഏഷ്യൻ വിപണികൾ ഉയർന്നാണ് ക്ലോസ് ചെയ്തത്. രണ്ടു വൻ സാന്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിൽ വ്യാപാര ചർച്ചകൾ നടന്നേക്കുമെന്ന സൂചനകളും ഏഷ്യൻ വിപണിയിൽ സ്വാധീനിച്ചു.