സെമികണ്ടക്ടർ സർക്യൂട്ട്സ് മെയ്ഡ് ബൈ മലയാളീസ്
Friday, October 17, 2025 11:24 PM IST
ശ്രീജിത് കൃഷ്ണൻ
കാഞ്ഞങ്ങാട്: ഇലക്ട്രോണിക്സ്, ഐടി മേഖലകളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് സെമികണ്ടക്ടറുകൾ. ഇന്ത്യയിൽ ആവശ്യമായ സെമികണ്ടക്ടർ സംവിധാനങ്ങളിൽ നല്ലൊരു പങ്കും മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. എന്നാൽ, കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനി ഇതാദ്യമായി 5 ജി ലോ നോയിസ് ആംപ്ലിഫയർ രാജ്യത്തുതന്നെ വികസിപ്പിച്ചിരിക്കുകയാണ്.
കാഞ്ഞങ്ങാട്ട് രജിസ്റ്റർ ചെയ്യുകയും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യുന്ന സിലിസിയം സർക്യൂട്ട്സ് എന്ന കമ്പനിയാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്വന്തം സെമികണ്ടക്ടർ ചിപ്പുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സിഗ്നലുകൾക്കു ശക്തി കുറവായ സ്ഥലങ്ങളിൽ പോലും മികച്ച കണക്ടിവിറ്റി ഉറപ്പുവരുത്താൻ ഈ ആംപ്ലിഫയർ ചിപ്പിന് സാധിക്കുന്നതായി പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
ഈ നേട്ടത്തിനു പിന്നാലെ കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുമ്പാകെ സെമികണ്ടക്ടർ മേഖലയിലെ നിലവിലുള്ള സാഹചര്യങ്ങളും സാധ്യതകളും സംബന്ധിച്ച് അവതരണം നടത്താൻ കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ കാഞ്ഞങ്ങാട് മാലക്കല്ല് സ്വദേശി റിജിൻ ജോണിന് അവസരം ലഭിച്ചു.
കൊച്ചി രാജഗിരി എൻജിനിയറിംഗ് കോളജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം നേടിയ റിജിനും സഹപാഠിയായ കണ്ണൂർ സ്വദേശി ഡോ. അരുൺ അശോകും ചേർന്നാണ് കമ്പനിക്കു തുടക്കമിട്ടത്. ഇന്ത്യയിലും യുഎഇയിലും യുഎസിലുമായി വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്തതിനു ശേഷമാണ് റിജിൻ സ്വന്തമായൊരു സ്റ്റാർട്ടപ്പ് എന്ന ആശയത്തിലേക്കെത്തിയത്.
ജർമനിയിൽ സെമികണ്ടക്ടർ ആർഐഎഫ്സി (റേഡിയോ ഫ്രീക്വൻസി ഇന്റഗ്രേറ്റഡ് സർക്യൂട്ട്) മേഖലയിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയ അരുൺ ചണ്ഡിഗഡിലെ ഐഎസ്ആർഒ സെമികണ്ടക്ടർ ഫൗണ്ടറിയിൽ ശാസ്ത്രജ്ഞനായി ജോലിചെയ്തുവരികയായിരുന്നു. നിലവിൽ സിലിസിയത്തിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജിക്കൽ ഓഫീസറുമാണ്.
രാജഗിരി കോളജ് വിദ്യാർഥിയായിരിക്കേ റിജിൻ തയാറാക്കിയ വലിപ്പമേറിയ ക്രിസ്മസ് നക്ഷത്രവും ജപമാലയും ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയിരുന്നു. അന്ന് തയാറാക്കിയ ജപമാലയുടെ സങ്കല്പത്തെ പിന്നീട് ഒന്നുകൂടി പരിഷ്കരിച്ച് 2015 ലെ കൊച്ചി ബിനാലെയിലും അവതരിപ്പിച്ചു.
കാസർഗോഡ് ഗവ. കോളജിൽ ഫിസിക്കൽ എഡ്യുക്കേഷൻ പ്രഫസറായിരുന്ന മാലക്കല്ലിലെ പരേതനായ ഐലാറ്റിൽ ജോണിന്റെയും കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. ഹൈസ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ റാണിയുടെയും മകനാണ് റിജിൻ. ഭാര്യ ദീപ മേരി ജയിംസ് ചാർട്ടേഡ് അക്കൗണ്ടന്റാണ്. മക്കൾ: ഈഥൻ ജോൺ, ഇവാൻ ജയിംസ്.