കേരള മോഡല്‍ മാനവ വികസനത്തിലെ ലോകമാതൃക: ധനമന്ത്രി
Monday, October 13, 2025 10:34 PM IST
കൊച്ചി: എല്ലാവരെയും ഒരുപോലെ ചേര്‍ത്ത് പിടിച്ചുള്ള കേരള മോഡല്‍ മാനവ വികസനത്തിലെ ലോകമാതൃകയാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
വിഷന്‍ 2031ന്റെ ഭാഗമായി ധനവകുപ്പ് എറണാകുളം ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറില്‍ ‘കേരളം@2031: ഒരു പുതിയ ദര്‍ശനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളേക്കാള്‍ വരുമാനം കുറവാണെങ്കിലും മനുഷ്യവികസന സൂചികയില്‍ കേരളം മുന്നിലാണ്.
ശിശുമരണ നിരക്കിന്റെ കണക്കുകളില്‍ കേരളം അമേരിക്കന്‍ ഐക്യനാടുകളേക്കാള്‍ മുന്നിലാണ്. മുമ്പ് ഇന്ത്യന്‍ ശരാശരിയേക്കാള്‍ 30 ശതമാനം കുറവായിരുന്ന കേരളത്തിന്റെ ആളോഹരി വരുമാനം ഇപ്പോള്‍ 50-60 ശതമാനം ആണ്. ഇന്ത്യയിലെ ആകെ പ്രവാസി വരുമാനത്തില്‍ വലിയ പങ്ക് കേരളത്തില്‍ നിന്നാണ്.
വീസ ഫീസ് വര്‍ധന പോലുള്ള പുതിയ സാഹചര്യങ്ങള്‍ പ്രവാസത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൊതുചെലവുകള്‍ക്കും കുറവ് വരുത്തിയിട്ടില്ല.
വന്‍തോതില്‍ തനത് നികുതി, നികുതിയേതര വരുമാനം ഉയര്‍ത്തിയാണ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരു കുറവുമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ധനസ്ഥിതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറിമാരായ അജിത് പാട്ടീല്‍ (ധനകാര്യ റിസോഴ്സസ്), കേശവേന്ദ്രകുമാര്‍ (ഫിനാന്‍സ് എക്സ്പെന്റീച്ചര്‍) തുടങ്ങിയവര്‍ സംസാരിച്ചു.