നവി മുംബൈയിൽ ‘നോർക്കാ കെയർ കരുതൽ സംഗമം - സ്നേഹകവചം’
Monday, October 13, 2025 10:34 PM IST
തിരുവനന്തപുരം: നോർക്ക കെയർ ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയുടെ പ്രചാരണാർഥം മഹാരാഷ്ടയിലെ നവി മുംബൈയിൽ ‘നോർക്കാ കെയർ കരുതൽ സംഗമം - സ്നേഹകവചം’സംഘടിപ്പിച്ചു.
മഹാരാഷ്ട്രയിലെ പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർത്ത ‘സ്നേഹകവചം’ സംഗമം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായമായി 6,70,550 രൂപയുടെ ചെക്ക് പ്രിയ വർഗീസ്, എം.കെ നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ‘കെയർ ഫോർ മുംബൈ’സന്നദ്ധ സംഘടന പ്രതിനിധികൾ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിക്ക് കൈമാറി. അഞ്ച് കുടുംബങ്ങൾക്ക് ഉള്ള നോർക്ക കെയർ കാർഡുകളും ചടങ്ങിൽ പി. ശ്രീരാമകൃഷ്ണൻ വിതരണം ചെയ്തു.
നവി മുംബൈ റമാഡ ഹോട്ടലിൽ നടന്ന സ്നേഹകവചം സംഗമത്തിൽ നോർക്ക കെയർ പദ്ധതിയിൽ അംഗമാകുന്നതിനുളള ഗ്രൂപ്പ് രജിസ്ട്രേഷൻ നടപടികൾ നോർക്ക റൂട്ട്സ് ഹോം ഒതന്റിഫിക്കേഷൻ ഓഫീസർ എസ്.എച്ച്. ഷെമീംഖാൻ വിശദീകരിച്ചു. ലോക കേരള സഭ അംഗങ്ങൾ, 60 മലയാളി സംഘടനകളിൽ നിന്നുളള പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. മുംബൈ എൻ ആർകെ ഡെവലപ്പ്മെന്റ് ഓഫീസർ എസ്. റഫീഖ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.
ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി.
നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും. സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി എൻആർകെ ഐഡി കാർഡുള്ള പ്രവാസികൾക്ക് 22 വരെ നോർക്ക കെയറിൽ അംഗമാകാം.