സംരംഭകവർഷം പദ്ധതി: തുടങ്ങിയത് 3.75 ലക്ഷം സംരംഭം: മന്ത്രി പി. രാജീവ്
Monday, October 13, 2025 10:34 PM IST
തൃശൂർ: സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നു വർഷംകൊണ്ട് കേരളത്തിൽ 3.75 ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചെന്നു മന്ത്രി പി. രാജീവ്. ഇതിൽ 31 ശതമാനവും സ്ത്രീകളുടേതാണ്. ഒരുവർഷം ഒരു ലക്ഷം സംരംഭങ്ങളാണു ലക്ഷ്യമിട്ടതെങ്കിൽ ആറു മാസംകൊണ്ടുതന്നെ ഈ ലക്ഷ്യം പിന്നിട്ടു. കേരള വുമൺ ഓണ്‍ട്രപ്രണേഴ്സ് കോണ്‍ക്ലേവ് തൃശൂർ ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഉദ്യം രജിസ്ട്രേഷൻ 2021ൽ ആരംഭിക്കുന്പോൾ 85,000 ആയിരുന്നെങ്കിൽ ഇപ്പോഴിത് 16.85 ലക്ഷമാണ്. ഇതിൽ പഴയ സംരംഭകരുമുണ്ടെന്നു പറഞ്ഞ മന്ത്രി, കോണ്‍ക്ലേവിന് എത്തിയവരോടു നേരിട്ടു കാര്യങ്ങൾ ആരാഞ്ഞു. മേഡ് ഇൻ കേരള പദ്ധതിയുടെ ഭാഗമായി നൻമ ബ്രാൻഡിംഗിലൂടെ ഉത്പന്നങ്ങൾ വിദേശങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ളത് ഗുണമേന്മയുടെ മുദ്രയായി മാറും.
അടുത്ത ഘട്ടത്തിൽ 10,000 സംരംഭങ്ങളെ ഒരുകോടി ടേണോവറിലേക്ക് മാറ്റും. ഇതിൽ 50 ശതമാനം വനിതാ സംരംഭകരായിരിക്കും. മിഷൻ തൗസൻഡ് പദ്ധതിയിലൂടെ ആയിരം സംരംഭങ്ങളെ 100 കോടി ടേണോവറിലേക്കും എത്തിക്കും. 444 സംരംഭങ്ങളെ ഇതിനകം തെരഞ്ഞെടുത്തു.
സർക്കാരിന്റെ കയറ്റുമതി നയത്തിന്റെ ഭാഗമായി ഉത്പന്നങ്ങൾ വിദേശത്തു കൊണ്ടുപോകാൻ സഹായം നൽകും. പ്രാദേശികതലത്തിൽ കെ-സ്റ്റോറുകൾവഴി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കരാറിലെത്തി. ഇതുവരെ 30 കോടിയുടെ ഉത്പന്നങ്ങൾ വിറ്റഴിച്ചു.
ഓണ്‍ലൈൻവഴി വിപണനം നടത്താൻ സർക്കാരിന്റെ കെ-ഷോപ്പിയും പകുതിത്തുക സർക്കാർ നൽകുന്ന ഇൻഷ്വറൻസ് പദ്ധതിയും നിലവിലുണ്ട്. സ്ത്രീ സംരംഭകർക്കായി വ്യവസായ പാർക്കും സർക്കാർ പദ്ധതിയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ആർ. ബിന്ദു, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ്, വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്, കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, ബിപിടി എക്സിക്യുട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, ഫിക്കി പ്രതിനിധി ജ്യോതി ദീപക് അശ്വനി എന്നിവർ പങ്കെടുത്തു.