വ്യവസായ വകുപ്പിന്റെ 24 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ: മന്ത്രി പി. രാജീവ്
Thursday, October 16, 2025 11:22 PM IST
കണ്ണൂർ: വ്യവസായ വകുപ്പിനു കീഴിലുള്ള 24 പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോൾ ലാഭകരമായാണു പ്രവർത്തിക്കുന്നതെന്നു വ്യവസായ മന്ത്രി പി. രാജീവ്.
പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ കണ്ണപുരം യൂണിറ്റിൽ ആരംഭിച്ച പുതിയ ആന്റിസെപ്റ്റിക്സ് ആൻഡ് ഡിസിൻഫെക്ടന്റ്സ് മാനുഫാക്ചറിംഗ് കോംപ്ലക്സ് ഉദ്ഘാടനവും യന്ത്രങ്ങളുടെ സ്വിച്ച്ഓൺ കർമവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നഷ്ടത്തിലോടിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കു നയിച്ചത് സർക്കാരിന്റെ ഇച്ഛാശക്തിയും നാടിനോടുള്ള പ്രതിബന്ധതയുമാണ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെട്ട് മുന്നോട്ട് പോകുന്നതിന്റെ മികച്ച ഉദാഹരണമാണ് കെസിസിപിഎൽ എന്നും മന്ത്രി പറഞ്ഞു. എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായിരുന്നു.
വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. കെസിസിപിഎൽ ചെയർമാൻ ടി.വി. രാജേഷ്, വ്യവസായ വകുപ്പ് ഡയറക്ടർ എ. അജിത് കുമാർ, കെസിസിപിഎൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്.എസ്. ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.
6000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. യന്ത്രങ്ങളടക്കം 2.4 കോടി രൂപയാണ് ആകെ ചെലവ്. ആന്റിസെപ്റ്റിക് സൊല്യൂഷൻ-പ്ലസ്, ആന്റിസെപ്റ്റിക് സൊല്യൂഷൻ-ക്ലിയർ, ആന്റിസെപ്റ്റിക് സൊല്യൂഷൻ സൂപ്പർ, ഐസോ റബ്, എഥനോൾ റബ്, ടോപ്പിക്കൽ സൊല്യൂഷൻ- പ്ലസ്, ടോപ്പിക്കൽ സൊല്യൂഷൻ-ക്ലിയർ, കെസിസിപിഎൽ സെപ്റ്റോൾ, സുപ്രീം എഎസ്, ക്ലോറോക്സൈലിനോൾ, സർജിസോൾ, കെസിസിപി ഡിസിന്റനോൾ, മൗത്ത് വാഷ് എന്നിങ്ങനെ 12 തരം പുതിയ ഉത്പന്നങ്ങളാണ് ഈ യൂണിറ്റിൽനിന്ന് ഉത്പാദിപ്പിക്കുന്നത്.
കോവിഡ് കാലത്ത് തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിനാണ് കണ്ണപുരം യൂണിറ്റിൽ ‘ഡിയോൺ’ ബ്രാൻഡിൽ സാനിറ്റൈസർ, ഹാൻഡ് വാഷ്, ഫ്ളോർ ക്ലീനർ, ഡി.എം. വാട്ടർ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമാണം ആരംഭിച്ചത്.
നേരത്തേ കമ്പനി നടപ്പിലാക്കിയ ഐടി ഇൻക്യുബേഷൻ സെന്റർ, കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്സ്, ഹൈടെക് കയർ ഡീഫൈബറിംഗ് യൂണിറ്റ്, പെട്രോൾ പമ്പുകൾ എന്നിവയും വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.