ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി ; ഇന്ത്യക്കെതിരേ പരാതിയുമായി ചൈന
Wednesday, October 15, 2025 11:36 PM IST
ബെയ്ജിംഗ്/ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററികൾക്കും സബ്സിഡി നൽകുന്ന ഇന്ത്യൻ നിലപാടിനെതിരേ ഡബ്ല്യുടിഒയ്ക്കു (ലോക വ്യാപാര സംഘടന) ചൈനയുടെ പരാതി. ഡബ്ല്യുടിഒയുടെ ഒട്ടേറെ നിർദേശങ്ങളെ ലംഘിക്കുന്നതാണ് ഇന്ത്യയുടെ നടപടിയെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം ആരോപിച്ചു.
ഇന്ത്യയുടെ ആഭ്യന്തര വിപണിക്കു പ്രയോജനം ചെയ്യുന്ന തീരുമാനം ചൈനീസ് താത്പര്യങ്ങളെ ഹനിക്കുന്നതാണ്. ഇന്ത്യയിലേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെയാണു സബ്സിഡി പ്രഖ്യാപനമെന്ന ആരോപണവും ചൈന ഉന്നയിക്കുന്നത്.
കിഴക്കൻ ലഡാക്കിലെ സൈനികസംഘർഷം അവസാനിപ്പിച്ച് ഉഭയകക്ഷിബന്ധം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ചൈനയുടെ പരാതി. ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയുടെ വ്യാപ്തിയാണ് ചൈനീസ് കന്പനികളെ ആകർഷിക്കുന്നത്.
അമിത ഉത്പാദനവും കന്പനികൾ തമ്മിലുള്ള മത്സരം മൂലം വില കുറയ്ക്കേണ്ടിവരുന്നതും ചൈനയുടെ ഇലക്ട്രിക് വാഹനവിപണിയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് ബിവൈഡി പോലുള്ള പ്രശസ്തമായ ചൈനീസ് ഹൈബ്രിഡ് കാർ നിർമ്മാതാക്കൾവരെ യൂറോപ്യൻ വിപണിയെ ലക്ഷ്യമിടുന്നതായാണു റിപ്പോർട്ടുകൾ.
അതേസമയം, ചൈനയുടെ പരാതി പരിശോധിച്ചുവരികയാണെന്ന് വാണിജ്യമന്ത്രാലയം സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. തുർക്കി, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവർക്കെതിരേയും ചൈന സമാനമായ പരാതി നൽകിയിട്ടുണ്ട്. കൂടിയാലോചനകൾക്കും ചൈന താത്പര്യപ്പെട്ടിട്ടുണ്ട്-അദ്ദേഹം വിശദീകരിച്ചു.