ഇന്ത്യയിൽ ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപത്തിൽ എഐ ഹബ് നിർമിക്കുമെന്ന് ഗൂഗിൾ
Tuesday, October 14, 2025 10:53 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ 1500 കോടി ഡോളർ (ഏകദേശം 1,32,000 കോടി രൂപ) നിക്ഷേപത്തിൽ എഐ ഹബ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചു ടെക് വന്പന്മാരായ ഗൂഗിൾ.
അമേരിക്കയ്ക്കു പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ എഐ ഹബ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് നിർമിക്കുക. ഇതു സംബന്ധിച്ചു ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
സുപ്രധാന ഡാറ്റ സെന്ററും നിർമിതി ബുദ്ധി കേന്ദ്രവും ഉൾപ്പെട്ട എഐ ഹബിനെ വികസനത്തിന്റെ നാഴികക്കല്ല് എന്നാണ് സുന്ദർ പിച്ചൈ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്.
അദാനി ഗ്രൂപ്പുമായി കൈകോർത്തുള്ള സംരംഭത്തിൽ അഞ്ച് വർഷത്തേക്കാണു ഗൂഗിൾ ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നത്.
ജിഗാവാട്ട് തോതിലുള്ള കംപ്യൂട്ട് കംപാസിറ്റി, പുതിയ അന്താരാഷ്ട്ര സബ്സീ ഗേറ്റ്വേ, വലിയ തോതിലുള്ള ഊർജ സ്രോതസുകൾ എന്നിവയടങ്ങുന്നതാണ് ഹബ്.
ഗൂഗിൾ ഡൽഹിയിൽ സംഘടിപ്പിച്ച “ഭാരത് എഐ ശക്തി’ പരിപാടിയിലായിരുന്നു പുതിയ ഹബിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഗൂഗിളിന്റെ സംരംഭം നിർമിത ബുദ്ധി എല്ലാവർക്കും ഉറപ്പാക്കുമെന്നും ഡിജിറ്റൽ സന്പദ്സ്ഥിതിയെ ശക്തിപ്പെടുത്തുമെന്നും മോദി എക്സിൽ കുറിച്ചു.