സ്വർണവില മാറിമറിഞ്ഞത് മൂന്നു തവണ; പവന് 94,120 രൂപ
Tuesday, October 14, 2025 10:56 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ചാഞ്ചാട്ടം. ഇന്നലെ മൂന്നു തവണയാണ് സ്വർണവില മാറിമറിഞ്ഞത്. ഏറിയും കുറഞ്ഞും ഇന്നലെ ആകെ വർധിച്ചത് ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ്.
ഇന്നലെ രാവിലെ ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 11,795 രൂപയും പവന് 94,360 രൂപയും എത്തിയിരുന്നു. സമീപ ഭാവിയിൽ ഒറ്റ ദിവസം വർധിക്കുന്ന ഏറ്റവും വലിയ വില നിലവാരം ആയിരുന്നു അത്. അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 4,165 ഡോളറും രൂപയുടെ വിനിമയനിരക്ക് 88.76 ആയി.
എന്നാൽ, ഉച്ചയ്ക്ക് 12 ഓടെ സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായി. അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 4,180 ഡോളർ വരെ പോയതിനുശേഷം 4 ,099 ഡോളറിലേക്ക് താഴ്ന്ന് 4,113 ഡോളറിൽ എത്തിയതിനെ ത്തുടർന്ന് സ്വർണവില കുറയുകയായിരുന്നു.
ഇതോടെ ഗ്രാമിന് 150 രൂപയും പവന് 1, 200 രൂപയും കുറഞ്ഞ് യഥാക്രമം ഗ്രാമിന് 11,645 രൂപയും പവന് 93, 160 രൂപയും എത്തി.
ഉയർന്ന വിലയിലെത്തിയപ്പോൾ ഓൺലൈൻ ട്രേഡിംഗ് നടത്തുന്ന വൻകിട നിക്ഷേപകർ ലാഭം എടുത്തതോടെയാണു വില പെട്ടെന്നു കുറഞ്ഞത്. എന്നാൽ, ഉച്ചയ്ക്ക് രണ്ടിനുശേഷം സ്വർണവില വീണ്ടും ട്രോയ് ഔൺസിന് 4,140 ഡോളറിലേക്ക് എത്തുകയായിരുന്നു.
രൂപയുടെ വിനിമയ നിരക്ക് 88.78 എത്തിയതിനെത്തുടർന്ന് വില വീണ്ടും വർധിപ്പിക്കുകയായിരുന്നു. അതോടെ ഗ്രാമിന് 120 രൂപ വർധിച്ച് 11,765 രൂപയിലും പവന് 960 രൂപ വർധിച്ച് 94, 120 രൂപയിലും എത്തി.
ഇന്നലെ രാവിലെ ഗ്രാമിന് 300 രൂപ കൂടിയെങ്കിലും അതിൽനിന്നു ഫലത്തിൽ 30 രൂപ മാത്രമാണ് ഇപ്പോൾ കുറഞ്ഞിട്ടുള്ളത്. വിലയിലെ ചാഞ്ചാട്ടം താത്കാലികമാണെന്നും വില വർധിക്കുമെന്നാണു വിപണി നൽകുന്ന സൂചനയെന്നും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസർ പറഞ്ഞു.