കൊച്ചിയിൽ ഐബിഎസ് ടാക്സികൾ; ഡ്രൈവിംഗ് സീറ്റിൽ വനിതകൾ
Tuesday, October 14, 2025 10:53 PM IST
കൊച്ചി: വനിതകൾക്ക് ടാക്സി ഡ്രൈവര്‍മാരായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഐബിഎസ് സോഫ്റ്റ്വേർ തുടങ്ങിയ ഫ്യൂച്ചര്‍ പോയിന്റ് കാബ്സ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിനു കീഴിൽ, ഡ്രൈവിംഗ്, ആതിഥ്യം, സോഫ്റ്റ് സ്കില്ലുകള്‍, സ്വയം പ്രതിരോധം എന്നിവയില്‍ വനിതകൾക്ക് കമ്പനി രണ്ട് മാസത്തെ സൗജന്യപരിശീലനം നൽകും.
പരിശീലനം പൂർത്തിയാക്കുകയും ലൈസൻസ് നേടുകയും ചെയ്യുന്ന എല്ലാവര്ക്കും ഫ്യൂച്ചർ പോയിന്റ് കാബ്സിന്റെ ഡ്രൈവർ സർട്ടിഫിക്കറ്റ് ലഭിക്കും. ഐബിഎസ് സോഫ്റ്റ്വേർ പുതിയ കാറുകൾ വാങ്ങിയാണ് ഈ സർട്ടിഫൈഡ് ഡ്രൈവർമാർക്ക് നൽകുന്നത്. നിലവിൽ പരിശീലനം കഴിഞ്ഞ 13 ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു.
കൊച്ചി ഇൻഫോപാർക്കിലെ ഐബിഎസ് സോഫ്റ്റ്വേർ കാമ്പസിൽ നടന്ന ചടങ്ങിൽ മന്ത്രി കാറുകൾ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീശക്തീകരണത്തിൽ കേരളം കൈവരിക്കുന്ന പുതിയ മുന്നേറ്റങ്ങൾ ജനാധിപത്യ സംവിധാനത്തില്‍ സംസ്ഥാനത്തിന്റെ ശക്തിയാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഫ്യൂച്ചർ പോയിന്റ് കാബ്സ് എന്ന ഹ്രസ്വചിത്രം ഉമ തോമസ് എംഎൽഎ പ്രകാശനം ചെയ്തു.
ട്രാൻസ്പോർട്ട് കമ്മീഷണർ സി. നാഗരാജു കാബ്സ് ആപ് പുറത്തിറക്കി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഡിസിപി വി. മഹേഷ് എന്നിവർ പ്രസംഗിച്ചു.