നിക്ഷേപകർ വിൽപ്പന മൂഡിൽ; വിപണിയിൽ താഴ്ച
Tuesday, October 14, 2025 10:53 PM IST
മുംബൈ: ഇന്നലെ തുടക്കത്തിലെ നേട്ടങ്ങൾക്കുശേഷം ഓഹരിവിപണി നഷ്ടത്തിലായി. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി താഴുന്നത്. ദുർബലമായ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് ഇന്ത്യൻ വിപണിയെ ബാധിച്ചത്.
സെൻസെക്സ് 297.07 പോയിന്റ് (0.36 %) താഴ്ന്ന് 82,029.98ൽ വ്യാപാരം പൂർത്തിയാക്കി. ഇന്നലെ വ്യാപാരത്തിനിടെ സെൻസെക്സ് 545.43 പോയിന്റ് ഇടിഞ്ഞ് 81,781.62ലെത്തിയതാണ്. നിഫ്റ്റി 81.85 പോയിന്റ് (0.32 %) നഷ്ടത്തിൽ 25,145.50ൽ ക്ലോസ് ചെയ്തു.
വിപണിയുടെ നഷ്ടത്തിനുള്ള പ്രധാന കാരണങ്ങൾ
1. എഫ്ഐഐകളുടെ വിൽപ്പന സമ്മർദം: തിങ്കളാഴ്ച 240.10 കോടി രൂപയുടെയും ഇന്നലെ 1508.53 കോടി രൂപയുടെ ഓഹരികൾ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) പിൻവലിച്ചു. കഴിഞ്ഞയാഴ്ച തുടർച്ചയായ നാലു സെഷനുകളിൽ എഫ്ഐഐകൾ വാങ്ങലുകാരായിരുന്നു. വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പന ആഭ്യന്തര വിപണിയെ ബാധിച്ചു.
2. ഇന്ത്യ വിക്സിലെ ഉയർച്ച: ഇന്ത്യ വിക്സ് എന്നറിയപ്പെടുന്ന അസ്ഥിരതാ സൂചിക മൂന്നു ശതമാനത്തിലധികം ഉയർന്ന് 11 ലെവലിലേക്ക് എത്തി. ഇത് വ്യാപാരികൾക്കിടയിൽ വർധിച്ചുവരുന്ന അസ്വസ്ഥതയെ സൂചിപ്പിക്കുന്നു. ഉയർന്ന വിക്സ് പൊതുവെ വിപണിയിലെ അനിശ്ചിതത്വത്തിന്റെയും വിലവ്യതിയാനങ്ങളുടെയും സാധ്യതയെ പ്രതിഫലിപ്പിക്കുന്നു.
3. ദുർബലമായ ആഗോള സൂചനകൾ: ഏഷ്യൻ ഓഹരി വിപണികൾ ഇന്നലെ താഴ്ന്നാണ് വ്യാപാരം നടത്തിയത്. ഇത് ജാഗ്രത പുലർത്തുന്ന പ്രവണത വർധിപ്പിച്ചു.
ദക്ഷിണ കൊറിയയുടെ കോസ്പി, ഷാങ്ഹായ് കോന്പോസിറ്റ് സൂചികകൾ ഒരു ശതമാനം വരെയും ജപ്പാന്റെ നിക്കി 225, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ്ങും മൂന്ന് ശതമാനം വരെയും ഇടിഞ്ഞു. യൂറോപ്യൻ വിപണികളിലും ഇടിവാണ് കാണുന്നത്.
രൂപ വീണ്ടും 88.80ൽ
യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 88.80ൽ തിരിച്ചെത്തി. ആഭ്യന്തര വിപണിയിലുണ്ടായ നഷ്ടവും അമേരിക്കൻ കറൻസിക്ക് ഒരു രാത്രികൊണ്ടുണ്ടായ നേട്ടവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
വിദേശഫണ്ട് പുറത്തേക്കൊഴുകുന്നത് നിക്ഷേപകരെ ബാധിച്ചതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും റിസർവ് ബാങ്ക് ഇടപെടലുകളുടെ റിപ്പോർട്ടും പുറത്തുവന്നത് രൂപയുടെ വീഴ്ചയുടെ ആഘാതം കുറച്ചു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 88.73ലാണ് വ്യാപാരം തുടങ്ങിയത്. ഇൻട്രാഡേയിൽ രൂപയുടെ മൂല്യം താഴ്ന്ന് 88.81ലും ഉയർന്ന് 88.73ലുമെത്തി. അവസാനം മുൻ ക്ലോസിംഗിനെ (88.68) 12 പൈസ ഇടിവിൽ 88.80ൽ ക്ലോസ് വ്യാപാരം പൂർത്തിയാക്കി.
സെപ്റ്റംബർ 30നാണ് ഡോളറിനെതിരേ രൂപ എക്കാലത്തെയും വലിയ ഇടിവായ 88.80ലെത്തിയത്.
ആറു കറൻസികളുടെ ഒരു കൂട്ടത്തിനെതിരേ ഡോളർ സൂചിക 0.14 ശതമാനം ഉയർന്ന് 99.48ലാണ് വ്യാപാരം നടത്തുന്നത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ രണ്ടു ശതമാനത്തോളം ഇടിഞ്ഞാണ് വ്യാപാരം നടത്തുന്നത്.