ലക്ഷ്യം "ലക്ഷം'; സ്വര്‍ണം പവന് 94,520 രൂപ
Wednesday, October 15, 2025 11:36 PM IST
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് കുതിപ്പ്. ഇന്നലെ രണ്ടു തവണയാണ് വില വര്‍ധിച്ചത്. രാവിലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 11,815 രൂപയും പവന് 94,520 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,184 ഡോളറിലും രൂപയുടെ വിനിമയനിരക്ക് 88.22 ലും ആയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9,720 രൂപയായിരുന്നു. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,560 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,880 രൂപയുമായിരുന്നു വിപണിവില.
ഉച്ചയ്ക്കുശേഷം അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,205 ഡോളറിലെത്തുകയും രൂപ അല്പം കൂടി കരുത്താര്‍ജിക്കുകയും ചെയ്തതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഉച്ചയ്ക്കു ശേഷം വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 11,865 രൂപയും പവന് 94,920 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ നിലവില്‍ 1,03,000 രൂപ നല്‍കണം.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9,760 രൂപയാണ് പുതിയ വില. 14 കാരറ്റ് സ്വര്‍ണത്തിന് 7,590 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,900 രൂപയുമായി.
പലിശനിരക്ക് കുറയ്ക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവല്‍ സൂചന നല്കിയതും വിലവര്‍ധനയ്ക്കു കാരണമായി. യുഎസ് - ചൈന വ്യാപാരയുദ്ധം പുതിയ തലത്തിലാണ്. ദീപാവലിയും വിവാഹസീസണും ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നുമുണ്ട്.
ചൈനയുടെ ഉയര്‍ന്ന വാങ്ങല്‍ശേഷിയും സ്വര്‍ണവില വര്‍ധിക്കുന്നതിനുള്ള മറ്റൊരു കാരണമാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,205 ഡോളര്‍ മറികടന്നതോടെ 4,500 ഡോളറാണ് അടുത്ത ലക്ഷ്യമെന്നാണു വിപണി നല്കുന്ന സൂചന.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഉയര്‍ന്ന വിലയും ഡിമാന്‍ഡും മൂലം സ്വര്‍ണബാറുകളുടെയും കോയിനുകളുടെയും ലഭ്യതയില്‍ കുറവ് വന്നിട്ടുണ്ടെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.