കാർഷിക ലോജിസ്റ്റിക്സ് ഹബ്ബുകൾ സ്ഥാപിക്കും
Wednesday, October 15, 2025 11:36 PM IST
തിരുവനന്തപുരം: വേഗത്തിൽ കേടാകുന്ന കാർഷികോത്പന്നങ്ങളുടെ ലോജിസ്റ്റിക് ഹബ്ബുകൾ ഇടുക്കി, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിൽ സ്ഥാപിക്കുമെന്നു മന്ത്രി പി. രാജീവ്.
സ്വകാര്യ മേഖലയിൽ കൂടുതൽ ലോജിസ്റ്റിക്സ് പാർക്കുകൾ പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഇഎസ്ജി നയങ്ങളും ഹൈടെക് ഫ്രെയിം വർക്കും മന്ത്രി പ്രകാശനം ചെയ്തു.
അഞ്ചു മുതൽ 10 ഏക്കർ വരെ ഭൂമി ലഭ്യമാക്കുന്നവർക്ക് മിനി ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കാൻ അനുമതി നൽകും. മധ്യഭാഗത്തായി ലോജിസ്റ്റിക്സ് ഹബ്ബും സ്ഥാപിക്കും. പൊതു- സ്വകാര്യ പങ്കാളിത്തവും ഉപയോഗപ്പെടുത്തും. റോഡ്, റെയിൽ, ജലഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തി സംയോജിത ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കും.
പരിസ്ഥിതിക്ക് ഇണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഭരണനിർവഹണം ഉറപ്പാക്കുന്നതുമായ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇഎസ്ജി നയത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ 1000 വ്യവസായ സംരംഭങ്ങളെ ഇതിലേക്കു മാറ്റും.
ഇഎസ്ജി തത്വങ്ങൾ നടപ്പാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവ്, സബ്സിഡി, വായ്പ ഇളവ്, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും. ഇഎസ്ജി പദ്ധതികൾക്ക് അഞ്ച് വർഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ 100 ശതമാനം റീ ഇംബേഴ്സ്മെന്റ് നൽകും.
2040 ആകുന്പോഴേക്കും പൂർണമായി പുനരുപയോഗ ഊർജ ഉപയോഗവും 2050 ആകുന്പോഴേക്കും കാർബണ് ന്യൂട്രാലിറ്റിയും കൈവരിക്കാൻ നയം ലക്ഷ്യമിടുന്നു. സോളാർ പാർക്കുകൾ, ഫ്ളോട്ടിംഗ് സോളാർ, കാറ്റാടിപ്പാടങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, ബയോമാസ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തും.
മെയ്ഡ് ഇൻ കേരള’യ്ക്ക് മുൻഗണന
കയറ്റുമതിയിൽ ’മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് നിർമാണത്തിന് ഊന്നൽ നൽകിയുള്ള കയറ്റുമതി നയത്തിന് അംഗീകാരം. കേരളത്തിന്റെ നിലവിലെ കയറ്റുമതി, സമുദ്രോത്പന്നം, സുഗന്ധവ്യഞ്ജനം, എൻജിനീയറിംഗ്, പെട്രോളിയം ഉത്പന്നങ്ങൾ എന്നീ മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇത് ബയോടെക്നോളജി, ലൈഫ് സയൻസസ്, എയ്റോസ്പേസ്, ഡിഫൻസ്, ഇലക്ട്രോണിക്സ്, ആയുർവേദം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ടൂറിസം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ ഉയർന്ന മൂല്യമുള്ള മേഖലകളിലേക്കു വ്യാപിപ്പിക്കുകയാണ് നയത്തിന്റെ ലക്ഷ്യം.
കൊച്ചി-പാലക്കാട്-തിരുവനന്തപുരം വ്യാവസായിക ഇടനാഴിയിൽ ഹൈടെക് മാനുഫാക്ചറിംഗ് പാർക്കുകളുടെയും ഇന്നവേഷൻ ക്ലസ്റ്ററുകളുടെയും നിർമാണസാധ്യത ഈ ചട്ടക്കൂട് ചൂണ്ടിക്കാട്ടുന്നതായും മന്ത്രി പി. രാജീവ് പറഞ്ഞു.