രാജ്യത്തെ ആദ്യ എല്‍എന്‍ജി കപ്പല്നിര്മാണശാലയാകാന് കൊച്ചിന് ഷിപ്യാര്ഡ്
Wednesday, October 15, 2025 11:36 PM IST
കൊച്ചി: എല്‍എന്‍ജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ നിര്മിച്ചുനല്കാന് വിദേശ കമ്പനിയില്‍നിന്നു കൊച്ചിന് ഷിപ്യാര്ഡിന് ഓര്‍ഡര്‍.
ലോകത്തെ മൂന്നാമത്തെ വലിയ ഷിപ്പിംഗ് കമ്പനിയായ സിഎംഎസ് സിജിഎം ഗ്രൂപ്പാണ് ആറു കപ്പലുകള്‍ നിര്‍മിക്കാനുള്ള താത്പര്യം അറിയിച്ചിരിക്കുന്നത്. ഇതാദ്യമായാണു കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ കപ്പല്‍ നിര്‍മാണശാലയ്ക്ക് എല്‍എന്‍ജി കപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ലഭിക്കുന്നത്.
20 അടി വലിപ്പമുള്ള 1700 കണ്ടെയ്നറുകളെ ഒരേസമയം വഹിക്കാന്‍ ശേഷിയുള്ള കപ്പലുകളാണ് നിര്‍മിച്ചുനല്‍കേണ്ടത്. പുതിയ ഡ്രൈഡോക്ക് നിര്‍മാണം പൂര്‍ത്തിയായശേഷം കൊച്ചിന് ഷിപ്യാര്ഡിനു ലഭിക്കുന്ന വലിയ കപ്പലുകളുടെ ആദ്യ ഓര്ഡര്കൂടിയാണിത്. കൊറിയന്‍ കപ്പല്‍ നിര്‍മാതാക്കളായ എച്ച്ഡി ഹ്യുണ്ടായി ഹെവി ഇന്‍ഡസ്ട്രീസിന്റെ സാങ്കേതികസഹായം നിര്‍മാണഘട്ടത്തില്‍ തേടും.
ആറു കപ്പലുകളും ഇന്ത്യന്‍ പതാകയ്ക്കു കീഴിലാകും രജിസ്റ്റര്‍ ചെയ്യുക. വിദേശ കമ്പനിക്കുവേണ്ടി നിര്‍മിച്ചതാണെങ്കിലും ഇന്ത്യന്‍ പതാക വഹിക്കുന്നതിനാല്‍ ഇന്ത്യന്‍ കപ്പല്‍ എന്നനിലയിലാകും ഇവ അറിയപ്പെടുക. 2029 ല്‍ ആദ്യകപ്പല്‍ നീറ്റിലിറക്കും. 2031 ഓടെ മുഴുവന്‍ കപ്പലുകളും നിര്‍മിച്ചുനല്‍കും.
ചരിത്രപരമായ ചുവടുവയ്പിന്റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കൊച്ചിന് ഷി്പ്യാര്ഡ് സിഎംഡി മധു എസ്. നായര്‍ പറഞ്ഞു. 2050 ഓടെ സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു സിഎന്‍ജി കപ്പലുകള്‍ അവതരിപ്പിക്കുന്നതെന്ന് സിജിഎം ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ റൊഡോള്‍ഫ് സാഡെയും പറഞ്ഞു.