സിയാലില്‍ ഓപ്പറേഷന്‍സ് കേന്ദ്രം തുറന്ന് എമിറേറ്റ്സ് സ്കൈ കാര്‍ഗോ
Thursday, October 16, 2025 11:22 PM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്സ് സ്കൈ കാര്‍ഗോയുടെ ഓപ്പറേഷന്‍സ് കേന്ദ്രം തുറന്നു.
കൊച്ചിയില്‍നിന്നുള്ള അന്താരാഷ്ട്ര ചരക്കുനീക്കത്തിന് എമിറേറ്റ്സ് ഓഫീസ് പുത്തനുണർവേകും. മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ചരക്കുനീക്കം കൂടുതല്‍ ശക്തിപ്പെടുത്താന്‍ എമിറേറ്റ്സ് സ്കൈ കാര്‍ഗോയുടെ സാന്നിധ്യം സഹായിക്കും.
ഇതോടൊപ്പം അന്താരാഷ്ട്ര കൊറിയര്‍ സര്‍വീസുകള്‍, ചരക്കു കൈമാറ്റ ഏജൻസികൾ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങാനും പദ്ധതിയുണ്ട്. തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍നിന്നുമുള്ള വസ്ത്ര കയറ്റുമതിയുടെ ഒരു കേന്ദ്രമായി സിയാലിനെ മാറ്റുന്നതു സംബന്ധിച്ച് സിയാലും എമിറേറ്റ്സ് സ്കൈ കാര്‍ഗോയും ചര്‍ച്ച ചെയ്തു. ചരക്ക് വ്യാപാര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, കാര്‍ഗോയുടെ അളവ് വര്‍ധിപ്പിക്കുക, മേഖലയിലെ സാമ്പത്തികവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.
സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, എമിറേറ്റ്സ് സ്കൈ കാര്‍ഗോ മാനേജര്‍ അമീര്‍ അല്‍ സറൂനി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
എമിറേറ്റ്സ് സ്കൈ കാര്‍ഗോ ഓപ്പറേഷന്‍സ് ലീഡ് ഹസന് അബ്ദുള്ള, സിയാല്‍ കാര്‍ഗോ വിഭാഗം മേധാവി സതീഷ് കുമാര്‍ പൈ, കൊമേഴ്ഷ്യല്‍ വിഭാഗം മേധാവി മനോജ് പി. ജോസഫ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇ. വികാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.