ബിസിനസുകാർക്ക് ഈടില്ലാതെ അഞ്ചു കോടി: കേന്ദ്രസർക്കാർ പദ്ധതിയോടു കേരളത്തിലെ
ബാങ്കുകൾക്കു വിമുഖത
Friday, October 17, 2025 11:24 PM IST
റെനീഷ് മാത്യു
കണ്ണൂർ: ബിസിനസുകാർക്ക് ഈടില്ലാതെ അഞ്ചു കോടി രൂപവരെ ബാങ്ക് വായ്പ നല്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ വായ്പ നല്കാൻ കേരളത്തിലെ ബാങ്കുകൾക്കു വിമുഖത.
അഞ്ചു കോടി രൂപവരെ വായ്പ ബിസിനസുകാർക്കു ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ക്രെഡിറ്റ് ഗാരന്റി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് ( CGTMSE) എന്ന പദ്ധതിയിലാണു ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും വായ്പ നല്കാൻ മടികാണിക്കുന്നത്.
വായ്പ കിട്ടാൻ മതിയായ രേഖകൾ സഹിതം പല ബാങ്കുകളിലും അപേക്ഷ സമർപ്പിച്ചിട്ടും വായ്പ അനുവദിക്കുന്നില്ലെന്നാണു ബിസിനസുകാർ പറയുന്നത്. ബിസിനസ് ടേൺ ഓവറിന്റെ 20 ശതമാനംവരെ വായ്പ നല്കുന്ന പദ്ധതിയാണിത്.
രാജ്യത്ത് ചെറുകിട മേഖലയിൽ കൂടുതൽ ബിസിനസുകളും വ്യവസായങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ തുടക്കം. നിലവിലുള്ളവയുടെ വികസനത്തിനും പുതിയവ തുടങ്ങുന്നതിനും ലോൺ കിട്ടും. ഒരു കോടി രൂപ ടേൺ ഓവറുണ്ടെങ്കിൽ 20 ലക്ഷം രൂപ വായ്പ അനുവദിക്കണമെന്നാണ് നിയമം. നേരത്തേ രണ്ടു കോടിയായിരുന്നു പദ്ധതിത്തുക. കഴിഞ്ഞ ബജറ്റിൽ അഞ്ചു കോടിയായി ഉയർത്തുകയായിരുന്നു.
കേന്ദ്രത്തിലെ എംഎസ്എംഇ മന്ത്രാലയവും ചെറുകിട വ്യവസായ വികസനബാങ്കും സംയുക്തമായി നടപ്പാക്കിയിട്ടുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റിന്റെ ഗാരന്റിയിന്മേലാണ് ഈട് വയ്ക്കാനില്ലാത്തവർക്ക് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വായ്പ നല്കുക.
ലോൺ എടുക്കുന്ന തുകയ്ക്ക് ആനുപാതികമായി നിശ്ചിത ഗാരന്റി ഫീസ് ഉപയോക്താക്കൾ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ട്രസ്റ്റിൽ അടയ്ക്കേണ്ടതുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷത്തിൽപരം കോടി രൂപയുടെ ലോണിനുള്ള ഗാരന്റി കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകൾ നല്കിയിട്ടുണ്ട്.