കേരളം-ജപ്പാന് സഹകരണം: ധാരണാപത്രം ഒപ്പുവച്ചു
Friday, October 17, 2025 11:24 PM IST
കൊച്ചി: ഇന്‍ഡോ-ജപ്പാന് ചേംബര്‍ ഓഫ് കൊമേഴ്സ് കേരള ചാപ്റ്റര്‍ (ഇന്‍ജാക്ക്) വഴി കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വിപുലീകരിച്ചു.
വ്യവസായം, കൃഷി, ഫിഷറീസ് ഉള്‍പ്പെടെ പത്ത് പുതിയ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രം ഒപ്പുവച്ചു. മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണു ധാരണാപത്രം കൈമാറിയത്.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് കേരള സര്‍ക്കാരിനുവേണ്ടി ഒപ്പുവച്ചു. ജപ്പാനിലെ ലേക് നകൗമി, ലേക് ഷിന്‍ജി, മൗണ്ട് ഡൈസന്‍ മേഖലകളിലെ മേയര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.
വ്യവസായതലത്തില്‍, ഇന്‍ജാക്ക് പ്രസിഡന്റും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. വിജു ജേക്കബ് ജാപ്പനീസ് പ്രതിനിധികളുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
പുതുക്കിയ ധാരണാപത്രമനുസരിച്ച്, കൃഷി, ഫിഷറീസ്, വ്യാപാരം, കപ്പല്‍ നിര്‍മാണം, ടൂറിസം, ഐടി, ഊര്‍ജം, പരിസ്ഥിതി, ആയുര്‍വേദം, വെല്‍ഫെയര്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ എന്നീ പ്രധാന മേഖലകളില്‍ ഇരുവിഭാഗവും കൈമാറ്റങ്ങളും സഹകരണങ്ങളും ശക്തമാക്കും. സഹകരണശ്രമങ്ങള്‍ ഇതിനോടകം ഫലം കണ്ടുതുടങ്ങിയതായി ജാപ്പനീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിലവില്‍ കേരളത്തില്‍നിന്നുള്ള 17 യുവാക്കള്‍ക്ക് ജപ്പാനില്‍ തൊഴില്‍ ലഭിച്ചിട്ടുണ്ട്.വിദ്യാഭ്യാസം, സംസ്കാരം, ഭരണനിര്‍വഹണം, അന്താരാഷ്ട്ര സഹകരണം എന്നീ മേഖലകളിലും സഹകരണം വിപുലീകരിക്കാന്‍ പദ്ധതിയുണ്ട്.
ജപ്പാന് കേരള സഹകരണത്തിനായുള്ള വിശദമായ പ്രവര്‍ത്തനരേഖ അടുത്ത മൂന്നു മാസത്തിനകം ഇന്‍ജാക്ക് അന്തിമമാക്കും.കെഡിസ്കിന്റെ നേതൃത്വത്തില്‍ നടന്ന പാനല്‍ചര്‍ച്ചയില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന് സിഇഒ അനൂപ് അംബിക എഐ, റോബോട്ടിക്സ്, ഐടി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലെ അവസരങ്ങളെക്കുറിച്ച് വിശദീകരിച്ചു.